Tuesday, August 25, 2009

04: കാരുണ്യത്തിന്റെ ചിറകുകള്‍..?

വിശുദ്ധ ഖുറാനിലെ 17-അം അധ്യായത്തെ ഇസ്രാഹ് (നിശാ യാത്ര ) എങ്ങിനെ വിശേഷിപ്പിക്കണം എന്നറിയില്ല , വേദ ഗ്രന്ഥം നേര്‍വഴി നടത്തുന്ന ഒരു ഗുരുനാഥന്‍ കൂടിയാണ് എന്ന് എനിക്ക് തോന്നിയ അദ്ധ്യായം ആണിത് , നമ്മള്‍ അശ്രദ്ധരായി കൈ കാര്യം ചെയ്യുന്ന വ്യത്യസ്തങ്ങളായ ജീവിത സന്ദര്‍ഭങ്ങള്‍ ഈ അദ്ധ്യായം സ്നേഹത്തോടെ, ഉപമകളോടെയും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു .

37-അം വചനം നോക്കൂ ..,

"നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്‌. തീര്‍ച്ചയായും നിനക്ക്‌ ഭൂമിയെ പിളര്‍ക്കാനൊന്നുമാവില്ല. ഉയരത്തില്‍ നിനക്ക്‌ പര്‍വ്വതങ്ങള്‍ക്കൊപ്പമെത്താനും ആവില്ല, തീര്‍ച്ച."

ഈ വചനത്തെ വിശദീകരിക്കുന്നത് അധികപ്പറ്റാകും.. പകല്‍ പോലെ വ്യക്തമായ വചനങ്ങള്‍ . അല്പം സ്ഥാന മാനമോ , അംഗീകാരമോ , അധികാരമോ ,സമ്പത്തോ ലഭിക്കുമ്പോള്‍ പലരുടെയും നടപ്പിലും ഇരിപ്പിലും , മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും അറിഞ്ഞും അറിയാതെയും അഹന്ത കലരുന്നതായി കാണാം .. പക്ഷെ എത്ര സ്ഥാനമാനങ്ങള്‍ ലഭിച്ചാലും പ്രപഞ്ചത്തില്‍ നാം പുല്‍ക്കൊടിക്ക് സമം .. നാം എത്ര നിസ്സാരര്‍ എന്ന ഒരു ചിന്ത വരികില്‍ പിന്നെ അഹന്ത താനേ കെട്ടടങ്ങും .. പകരം വിനയം ജ്വലിക്കും പെരുമാറ്റത്തില്‍ .

ഈ അധ്യായത്തില്‍ തന്നെയുള്ള 23- ത്തെയും 31- ത്തെയും വചനങ്ങള്‍ നോക്കൂ .

23,24- വചനങ്ങള്‍

".................മാതാപിതാക്കള്‍ക്ക്‌ നന്‍മചെയ്യണമെന്നും നിന്‍റെ രക്ഷിതാവ്‌ വിധിച്ചിരിക്കുന്നു. അവരില്‍ ( മാതാപിതാക്കളില്‍ ) ഒരാളോ അവര്‍ രണ്ട്‌ പേരും തന്നെയോ നിന്‍റെ അടുക്കല്‍ വെച്ച്‌ വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട്‌ നീ ഛെ എന്ന്‌ പറയുകയോ, അവരോട്‌ കയര്‍ക്കുകയോ ചെയ്യരുത്‌. അവരോട്‌ നീ മാന്യമായ വാക്ക്‌ പറയുക.

കാരുണ്യത്തോട്‌ കൂടി എളിമയുടെ ചിറക്‌ നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത്‌ പോലെ ഇവരോട്‌ നീ കരുണ കാണിക്കണമേ എന്ന്‌ നീ പറയുകയും ചെയ്യുക."


അച്ഛനമ്മമാരെ വൃദ്ധ സദനങ്ങളില്‍ കൊണ്ടാക്കുന്ന മഹാ പാതകം ചെയ്യുന്നവരെ അല്ല , അത്തരം ക്രൂരന്മാരെ വിടാം ..അവര്‍ക്കുള്ള ശിക്ഷ അവരെ കാത്തു കിടക്കുന്നുണ്ടാവും ..നമുക്ക് നമ്മുടെ കാര്യം എടുക്കാം ..അച്ഛനമ്മമാരെ നാം എത്രത്തോളം കെയര്‍ ചെയ്യാറുണ്ട് .. ഖുറാന്‍ നമ്മോടു ഉരുവിടാന്‍ പറയുന്ന പ്രാര്‍ത്ഥന നോക്കൂ . എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത്‌ പോലെ ഇവരോട്‌ നീ കരുണ കാണിക്കണമേ ..ഈ പ്രാര്‍ത്ഥന തന്നെ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ..നമുക്ക് ഒരറിവും കഴിവും ഇല്ലാത്ത, നമ്മള്‍ ഒന്നും അല്ലാത്ത കാലത്ത്, കണ്ണില്‍ എണ്ണ ഒഴിച്ച് നമ്മെ വളര്‍ത്തിയവര്‍ .. ,

സത്യത്തില്‍ ഓരോ മക്കളും വൃദ്ധരായ അച്ഛനെയും അമ്മയെയും തന്റെ കൂടെ നിര്‍ത്ത്തുന്നതിലും അവരെ സ്നേഹിക്കുന്നതിലും മത്സരിക്കുകയാണ് വേണ്ടത് . ഖുറാന്‍ ഉപയോഗിച്ച വാക്ക് നോക്കൂ കാരുണ്യത്തോട്‌ കൂടി എളിമയുടെ ചിറക്‌ നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക .. അതായത് ഒരു പക്ഷി തന്റെ ചിറകിനടിയില്‍ കുഞ്ഞുങ്ങളെ പൊതിയുന്ന പോലെ അച്ഛനമ്മമാരെ സ്നേഹത്തോടെ പരിചരിക്കണം എന്ന് , പക്ഷെ ജീവിത തിരക്കിനിടയില്‍ നമ്മില്‍ ചിലര്‍ക്കെങ്കിലും അത് പറ്റാതെ പോകുന്നുണ്ടോ ? അവരുടെ മനസ്സ് വിഷമിപ്പിക്കുകില്‍ തിരുത്താനാവാത്ത ചില തെറ്റുകള്‍ നാം ചെയ്യുന്നു എന്നര്‍ത്ഥം

മാതാ പിതാക്കള്‍ക്ക് നന്മ ചെയ്യണം എന്ന് പല സ്ഥലത്തും ഖുറാനില്‍ കാണാം .. മാതാവിന്റെ തൃപ്തിയില്‍ ആണ് സ്വര്‍ഗ്ഗം എന്ന പ്രവാചക വചനം കൂടെ ചേര്‍ത്ത് വായിക്കുക .

നാം ശ്രദ്ധിക്കേണ്ട വ്യത്യസ്ത വിഷയങ്ങള്‍ ഒരു ഗുരുനാഥനെ പ്പോലെ നമുക്ക് പറഞ്ഞു തരുന്ന അദ്ധ്യായം ആണ് 17-അം അദ്ധ്യായം എന്ന് നാം പറഞ്ഞു , അതെ അദ്ധ്യായത്തിലെ 31- ത്തെ വചനം കൂടി

"ദാരിദ്യ്‌രഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്‌. നാമാണ്‌ അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്‌. അവരെ കൊല്ലുന്നത്‌ തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു."

അതെ , സ്വാര്‍ഥരായ ചിലര്‍ മാതാപിതാക്കളെ സൌകര്യ പൂര്‍വ്വം ഒഴിവാക്കുന്ന പോലെ , പിറക്കാനിരിക്കുന്ന കുഞ്ഞിനെ ഗര്‍ഭാശയത്തില്‍ വച്ച് തന്നെ കശാപ്പ് ചെയ്യുന്നു ..കാരണം പലതാകാം . ഖുറാന്‍ ശക്തമായി പറയുന്നു കുഞ്ഞുങ്ങളെ കൊല്ലുന്നത് ഭീമമായ അപരാധമാകുന്നു .നമ്മെ പ്പോലെ ഈ നിറമുള്ള ഭൂമിയില്‍ ജനിക്കാനും ജീവിക്കാനും ഉള്ള അവരുടെ അവകാശം ഇല്ലാതാക്കുന്നത് ഭീമമായ അപരാധമാകുന്നു .

ഈ അദ്ധ്യായം ഇങ്ങിനെ ചില കാലിക പ്രസക്തങ്ങളായ ചിന്തകള്‍ എന്നില്‍ നിറക്കുന്നു ..എന്നെ കൂടുതല്‍ വിനയമുള്ളവനും സ്നേഹമുള്ളവനും ആയി തീരാന്‍ പ്രേരിപ്പിക്കുന്നു ..ഒരു ഗുരുനാഥന്റെ തെളിഞ്ഞ വാക്കുകള്‍ പോലെ
================

അനുബന്ധം

നമ്മുടെ ചില ചെറിയ കെയറിംഗ് പോലും അച്ഛനമ്മമാര്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കും ..

ഫാമിലി ആയി ഫങ്ഷന് വരണം എന്ന് നമ്മുടെ സുഹൃത്തുക്കള്‍ നമ്മെ വിളിക്കുമ്പോള്‍ നാം ഭാര്യയെ കൊണ്ട് പോകുന്ന കാര്യം ആയിരിക്കും ചിന്തിക്കുക ..പകരം പറ്റുമെങ്കില്‍ അമ്മയെയെ കൂടി കൊണ്ട് പോയി നോക്കൂ .. അമ്മക്കുണ്ടാകുന്ന സന്തോഷത്തിനു അതിരുണ്ടാവില്ല ..പുറമേക്ക് കാണിച്ചില്ലെങ്കിലും

അത് പോലെ നമ്മുടെ സെലെക്ഷന്‍ ആയി   ഒരു ഡ്രസ്സ്‌ വാങ്ങി കൊടുത്തു നോക്കൂ .. രൂപ കൊടുത്തു അങ്ങാടിയില്‍ പോയി വാങ്ങിക്കോളൂ' എന്ന് പറയുന്നതിനേക്കാള്‍ ആയിരം ഇരട്ടി സന്തോഷകരം ആയിരിക്കും അവര്‍ക്കത് .. കാരണം ഈ തിരക്കിനിടയിലും എന്റെ മോന്‍ എന്നെ പരിഗണിക്കുന്നു വല്ലോ എന്ന ചിന്ത അവര്‍ക്ക് ഒരു പാട് സന്തോഷം നല്‍കും ..

പറയട്ടെ , അച്ഛനമ്മന്മാരുടെ തൃപ്തി കിട്ടിയവന്‍ ഒരിക്കലും ഒരിടത്തും പരാജയപ്പെടുകയില്ല. (അതെങ്ങിനെയെന്ന് ചോദിക്കരുത് , ആത്മാര്‍ഥമായ സ്നേഹം യുക്തി ചിന്തയില്‍ ഒതുങ്ങുന്നതല്ല എന്ന് മാത്രം എനിക്കറിയാം )

Next
05: ജൂതന്റെ പടയങ്കി

22 comments:

Faizal Kondotty said...

പറയട്ടെ , അച്ഛനമ്മന്മാരുടെ തൃപ്തി കിട്ടിയവന്‍ ഒരിക്കലും ഒരിടത്തും പരാജയപ്പെടുകയില്ല. (അതെങ്ങിനെയെന്ന് ചോദിക്കരുത് , ആത്മാര്‍ഥമായ സ്നേഹം യുക്തി ചിന്തയില്‍ ഒതുങ്ങുന്നതല്ല എന്ന് മാത്രം എനിക്കറിയാം )

മാണിക്യം said...

മോശ വഴി എത്തിച്ച പത്തു കല്‍പ്പനകളി
'നല്ല പ്രയത്തോളം ഭൂമിയിലിരിപ്പാന്‍
അപ്പനേയും അമ്മയേയും ബഹുമാനിക്കുക'
എന്നന്നേ ദൈവം അറിയിച്ചു ദൈവനുഗ്രഹം
മാതാപിതാക്കന്മരുടെ ഗുരുക്കന്മാരുടെ പക്കല്‍ നിന്നും ഉള്ള അനുഗ്രഹമായും വരും അതുകൊണ്ടണല്ലൊ
'മാതാപിതാ ഗുരു ദൈവം'
എന്നു ചൊല്ലിതന്നതും

റമദാന്‍ നാളുകളിലെ സത്ചിന്തകള്‍ക്കു നന്ദി.

sherriff kottarakara said...

ഫൈസലേ!
എത്രയോ തവണ ഈ വരികളിൽ എല്ലാം കണ്ണോടിച്ചതാണു. പക്ഷേ ഓരോ തവണ വായിക്കുമ്പോഴും ഇതാ ഇപ്പോൾ ഈ പോസ്റ്റ്‌ വായികുമ്പോഴും കൂടുതൽ കൂടുതൽ വെളിച്ചം മനസ്സിലേക്കു കടന്നു വരുന്നു.എന്നുമെന്നും മാർഗ ദർശനം തരുന്ന വരികൾ..പോസ്റ്റുകൾ തുടരൂ.....

haroonp said...

ഫൈസല്‍..

അഹന്തയൊക്കെ വെടിഞ്ഞ് വിനയാന്വിതനായി,നാട്ടിനും
നാട്ടാര്‍ക്കും തണല്‍വ്രുക്ഷമാവാന്‍ കഴിയുക!! ഹൌ...
എന്തൊരു സുന്ദര ഭാവനയല്ലേ!!

ഫൈസല്‍...

ഈ അഹങ്കാരികളെ നമ്മുടെയൊക്കെ ചുറ്റുവട്ടത്തെ,ആതുരാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കാം..നടുവൊടിഞ്ഞും എല്ലൊടിഞ്ഞും,ചെറുതും
വലുതുമായ പരീക്ഷണങ്ങള്‍ക്ക് വിധേയരായി കഴിയുന്ന രോഗികളെ ഈ അഹന്തന്മാരൊന്നു കാണട്ടെ!!അഹന്തയുടെ ‘അന്തക്കേടും’ജീവിതത്തിന്‍റെ
‘പൊരുളും’എന്തെന്നു ഉടന്‍ തിരിച്ചറിയുമവര്‍..

ഫൈസല്‍....

ഒരുയര്‍ന്ന ഗുരുനാഥന്‍ പറഞ്ഞുകേട്ടതു :
അദ്ദേഹം ശിഷ്യഗണങ്ങളോട്..(ഒട്ടു മുക്കാല്‍ ശിഷ്യന്മാരും ‘പിജി’ക്കാരാ,കണ്ട’ആപ്പയൂപ്പ‘യൊന്നുമല്ലാട്ടോ!)

“നിങ്ങളിരായൊക്കെയാണു മാതാപിതാക്കളുമായി
നല്ല സ്നേഹത്തിലും,മമതയിലും കഴിയുന്നവര്‍“?
മറുപടി പറഞ്ഞവരില്‍ ഒരു ശിഷ്യന്‍ :
“ഞാന്‍ വര്‍ഷത്തിലൊരിക്കല്‍,മാതാപിതാക്കള്‍ക്കായി
‘ഗ്രീറ്റിംഗ് കാര്‍ഡ്‘ അയക്കാറുണ്ട് ! ഇപ്പോള്‍
അതും അയക്കാറില്ല”!!

ഫൈസല്‍.....

ഒരിറ്റ് സ്നേഹം പകര്‍ന്നുഅനല്‍കാന്‍ ആര്‍ക്കും
കഴിയുന്നില്ല!അതിനാര്‍ക്കും നേരവുമില്ല!!വല്ലാത്തൊരു
ലോകം.ഒരു ഉര്‍ദു കവിയുടെ വിലാപം,“സ്നേഹത്തിന്റ്റെ ശവമഞ്ചം പോലും
വലിച്ചെറിയപ്പെട്ട ഈ ദുനിയാവിലല്ലേ നാം”!!!

ശ്രീ said...

വളരെ ശരിയാണ്, ഇക്കാ. മാതാപിതാക്കളെ ഒരു പ്രായം കഴിഞ്ഞാല്‍ മനഃപൂര്‍വ്വമോ അല്ലാതെയോ അവഗണിയ്ക്കുന്ന ഒരു സ്വഭാവമാണ് പൊതുവേ കണ്ടു വരാറുള്ളത്.

വൃദ്ധസദനത്തില്‍ പോയ ഒരു അനുഭവത്തെ പറ്റി ഞാനും ഒരിയ്ക്കല്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു.

ചിന്തകന്‍ said...

കൂടുതല്‍ നന്നായി വരുന്നു.. തുടരുക..ഭാവുകങ്ങള്‍

Faizal Kondotty said...

ശ്രീ.., വായിച്ചു . ശ്രീ അറിഞ്ഞ പോലെ തങ്ങളെ ഉപേക്ഷിച്ചു പോകുന്ന മക്കളെയും ബന്ധുക്കളെയും കുറ്റം പറയാന്‍ അച്ഛനമ്മാര്‍ക്കാവില്ല .. അതവരുടെ സ്നേഹത്തിന്റെ ആഴം , ആ സ്നേഹം മനസ്സിലാകാതെ പോകുന്നത് മക്കളുടെ വലിയ നഷ്ടം ....

മാണിക്യം

നല്ല വചനങ്ങള്‍ പങ്കു വച്ചതിനു നന്ദി .. മുന്‍ പോസ്റ്റില്‍ ആത്മഹത്യയെ ക്കുറിച്ച് വളരെ പ്രസക്തമായ നിരീക്ഷണം നടത്തിയതിനും

ഫ്രണ്ട്സ് ,

വായനയ്ക്ക് നന്ദി ..പ്രോത്സാഹനത്തിനും

വശംവദൻ said...

ഫൈസൽ,

രണ്ട്‌ മൂന്ന് പോസ്റ്റുകൾ ഒന്നിച്ചാണ്‌ വായിച്ചത്‌.

നന്നായി എഴുതിയിരിക്കുന്നു.

പ്രപഞ്ചനാഥൻ ഈ സത്‌കർമ്മത്തിനു അർഹമായ പ്രതിഫലം തരട്ടെ.

Areekkodan | അരീക്കോടന്‍ said...

ഫൈസല്‍...ഇതും നന്നായി... അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ,ആമീന്‍

ചെറിയപാലം said...

ഫൈസല്‍,

താങ്കളുടെ ഓരോ പോസ്റ്റും ഒന്നിനൊന്ന് മികച്ചതാവുന്നു.

സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ...ഇനിയും എഴുതുക.

Shara said...

സര്‍വ്വേശ്വരന്റെ കാരുണ്യം ഉണ്ടാകട്ടെ ഫൈസല്‍ ഈ നല്ല സംരഭത്തിന്..

Siraj Ksd said...
This comment has been removed by the author.
Siraj Ksd said...

ഫൈസൽ ഭായ്‌ ഓരോ പോസ്റ്റും കൂടുതൽ കൂടുതൽ ചിന്തിപ്പിക്കുന്നു...
നന്ദി... ഇത്തരമൊരു സംരഭത്തിന്ന്

Faizal Kondotty said...

പുതിയ പോസ്റ്റ്‌ 05: ജൂതന്റെ പടയങ്കി..?

ea jabbar said...

വളരെ നല്ല കാര്യങ്ങളാണു ഫൈസല്‍ എഴുതുന്നത്. ഉമ്മ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ എന്റെ സ്നേഹാന്യേഷണം അറിയിക്കുക. ദമാമില്‍ തന്നെ ഉണ്ടാകുമല്ലോ.
ഞാനാലോചിക്കുവായിരുന്നു. ഖുര്‍ ആനില്‍ അതൊന്നും പറഞ്ഞില്ലായിരുന്നെങ്കില്‍ ഫൈസലിന്റെ ഉമ്മ മലമ്പുഴ പോലും കാണുമായിരുന്നില്ലല്ലോ എന്ന്!

സന്ദേഹി-cinic said...
This comment has been removed by the author.
Faizal Kondotty said...

ജബ്ബാര്‍ മാഷെ ,

വായനക്കും പ്രോത്സാഹനത്തിനും നന്ദി ..!
ദൈവാനുഗ്രത്താല്‍ ഉമ്മാക്ക് സുഖം ആണ് ,
അന്വേഷണം പറയാം ,
മാഷെ , നാം നിസ്സാരം എന്ന് കരുതുന്ന ചെറിയ കെയറിംഗ് പോലും അച്ഛനമ്മമാര്‍ക്ക് വളരെയധികം സന്തോഷം നല്‍കും ..ഈ വസ്തുത ചൂണ്ടികാണിക്കാനാണ് ഞാന്‍ ഉദാഹരണം പറഞ്ഞത് ..

വേദഗ്രന്ഥങ്ങള്‍ ഗുരു നാഥനെ പോലെയാണ് , അവ കൂടുതല്‍ നന്മ ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നു .ഓര്‍മ്മപ്പെടുത്തുന്നു ...
ഒരിക്കല്‍ കൂടി നന്ദി

ea jabbar said...

വേദഗ്രന്ഥങ്ങളില്‍ നന്മയുടെ അംശങ്ങളുണ്ട്. അവ സ്വീകരിക്കാം. എല്ലാ മതഗ്രന്ഥങ്ങളിലുമുണ്ട് കുറേ നല്ല കാര്യങ്ങള്‍. അതേ സമയം കാലഹരണപ്പെട്ടതും തിന്മയായി പരിണമിച്ചതും നാം തള്ളിക്കളയുകയും വേണം.
ഉദാഹരണം:-

يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَّخِذُوۤاْ آبَآءَكُمْ وَإِخْوَانَكُمْ أَوْلِيَآءَ إِنِ ٱسْتَحَبُّواْ ٱلْكُفْرَ عَلَى ٱلإِيمَانِ وَمَن يَتَوَلَّهُمْ مِّنكُمْ فَأُوْلَـٰئِكَ هُمُ ٱلظَّالِمُونَ
you who believe, do not take your fathers and brothers for your friends, if they prefer, if they have chosen, disbelief over belief; whoever of you takes them for friends, such are the evildoers.
സ്വന്തം മാതാപിതാക്കളെപ്പോലും വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും പേരില്‍ ഊരു വിലക്കാനുള്ള ഈ കല്‍പ്പനയും വേദഗ്രന്ഥത്തില്‍നിന്നുള്ളതാണ്.

ea jabbar said...

കമലാ സുരയ്യയുടെ മക്കള്‍ അമ്മയോടു കാണിച്ച നീതി തിരിച്ചാണെങ്കില്‍ മുസ്ലിങ്ങള്‍ക്കു കാണിക്കാന്‍ കഴിയുമായിരുന്നോ എന്നു ഞാന്‍ മുമ്പു ചോദിച്ചത് ഈ അര്‍ത്ഥത്തിലായിരുന്നു.

Abdul Ahad said...

സ്വന്തം മാതാപിതാക്കളെപ്പോലും വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും പേരില്‍ ഊരു വിലക്കാനുള്ള ഈ കല്‍പ്പനയും വേദഗ്രന്ഥത്തില്‍നിന്നുള്ളതാണ്.

അരിയെത്ര? പയറഞ്ഞാഴി!

ഖുര്‍-ആന്‍ വാചകം എടുത്ത്‌ കൊടുക്കുമ്പോ ഒന്നു ശ്രദ്ധിച്ചൂടാരുന്നോ?! ഫൈസലിന്റെ പോസ്റ്റ്‌ മാതാപിതാക്കളോട്‌ പെരുമാറ്റം നന്നാക്കേണ്ടതിന്റെ ആവശ്യം എടുത്തു പറയുന്നത്‌. മുകളിലെ കമന്റുകാരന്‍ 'കോട്ടി'യത്‌ വിശ്വാസികള്‍, അവരുടെ അവിശ്വാസികളായ മാതാപിതാക്കളുടെയോ സഹോദരന്മാരുടെയോ 'സംരക്ഷണ'യില്‍ കഴിയാന്‍ നില്‍ക്കേണ്ടെന്ന അര്‍ത്ഥം വരുന്നതും!!! മാതാപിതാക്കളെ 'ഊരുവിലക്കാനുള്ള' കല്‍പ്പന നിങ്ങളെത്ര തിരഞ്ഞാലും ആ ഖുര്‍-ആന്‍ വചനങ്ങളില്‍ നിന്ന് കിട്ടില്ലെന്നര്‍ത്ഥം!!

കമലാ സുരയ്യയുടെ മക്കള്‍ അമ്മയോടു കാണിച്ച നീതി തിരിച്ചാണെങ്കില്‍ മുസ്ലിങ്ങള്‍ക്കു കാണിക്കാന്‍ കഴിയുമായിരുന്നോ എന്നു ഞാന്‍ മുമ്പു ചോദിച്ചത് ഈ അര്‍ത്ഥത്തിലായിരുന്നു.

ഏതര്‍ത്ഥത്തില്‍?

മുസ്ലിമല്ലാത്ത അമ്മയോട് നീതികാണിക്കുമായിരുന്നോയെന്ന്?

ഈ ഖുര്‍-ആന്‍ വചനങ്ങള്‍ സാറു കണ്ടു കാണുമല്ലോ? :

"മാതാപിതാക്കള്‍ക്ക്‌ നന്‍മചെയ്യണമെന്നും നിന്‍റെ രക്ഷിതാവ്‌ വിധിച്ചിരിക്കുന്നു. അവരില്‍ ( മാതാപിതാക്കളില്‍ ) ഒരാളോ അവര്‍ രണ്ട്‌ പേരും തന്നെയോ നിന്‍റെ അടുക്കല്‍ വെച്ച്‌ വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട്‌ നീ ഛെ എന്ന്‌ പറയുകയോ, അവരോട്‌ കയര്‍ക്കുകയോ ചെയ്യരുത്‌. അവരോട്‌ നീ മാന്യമായ വാക്ക്‌ പറയുക.

കാരുണ്യത്തോട്‌ കൂടി എളിമയുടെ ചിറക്‌ നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത്‌ പോലെ ഇവരോട്‌ നീ കരുണ കാണിക്കണമേ എന്ന്‌ നീ പറയുകയും ചെയ്യുക."


ഫൈസലിന്റെ പോസ്റ്റിന്റെ മുഖ്യ വിഷയം തന്നെ മേല്‍ ഖുര്‍-ആന്‍ വചനങ്ങളാണ്. ഇവിടെ പറയുന്നത് മാതാപിതാക്കള്‍ മുസ്ലിമാണെങ്കിലും അല്ലെങ്കിലും അവരോട് കരുണകാണിക്കണമെന്നും മറ്റും മറ്റുമാണ്. പ്രവാചകന്റെ കാലം മുതല്‍ക്കെ മുസ്ലിംകള്‍ക്ക് അഭിപ്രായവ്യത്യാസമില്ലാത്ത കാര്യമാണിത്. അതിന് എമ്പാടും ഉദാഹരണവും ഇസ്ലാമിക ചരിത്രത്തിലുണ്ട്.

മനുഷ്യന്‌ തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു- ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ്‌ മാതാവ്‌ അവനെ ഗര്‍ഭം ചുമന്ന്‌ നടന്നത്‌. അവന്റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്‌- എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്റെ അടുത്തേക്കാണ്‌ (നിന്റെ) മടക്കം. നിനക്ക്‌ യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട്‌ നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്റെ മേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്‌. ഇഹലോകത്ത്‌ നീ അവരോട്‌ നല്ലനിലയില്‍ സഹവസിക്കുകയും, എന്നിലേക്ക്‌ മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുകയും ചെയ്യുക. [31:14-15]

ചുരുക്കത്തില്‍ സ്വന്തം ആശയത്തില്‍‌നിന്നും വ്യതിചലിയ്ക്കാന്‍ നിര്‍ബന്ധിയ്ക്കുന്ന മാതാപിതാക്കളെ അനുസരിയ്ക്കരുത്, അവരുടെ സംരക്ഷണത്തിലും അവരുടെ ചെലവിലും കഴിയുകയും ചെയ്യേണ്ടതില്ല. എന്നാല്‍ അതേ മാതാപിതാക്കള്‍ സംരക്ഷണം ആവശ്യംവരുന്ന അവസ്ഥയിലാണെങ്കില്‍ അവരെ സംരക്ഷിയ്ക്കുകയും അവരോട് കരുണകാണിയ്ക്കുകയും ചെയ്യുക എന്നത് ഒരു മുസ്ലിമിന് നിര്‍ബന്ധമാകുകയും ചെയ്യുന്നു!!!

ഗുണപാഠം: മക്കളുണ്ടെങ്കില്‍ അവരെ ശരിയായ ഇസ്ലാമിക ശിക്ഷണത്തില്‍ വളര്‍ത്തുക. എങ്കില്‍ വയസ്സായി കുഴിയിലേക്ക് കാലുനീട്ടി ഇരിയ്ക്കുമ്പോള്‍ ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥ വരില്ല, സ്വന്തം വിസര്‍ജ്ജ്യത്തില്‍ മുങ്ങിക്കിടന്ന് മരിക്കേണ്ടി വരില്ല. ആയ കാലത്ത് പൊക്കിക്കൊണ്ടു നടന്നവര്‍ അവസാന കാലത്ത് പുറം കാലുകൊണ്ട് ചവിട്ടിമെതിക്കുന്ന സ്ഥിതി വരില്ല!!!

Faizal Kondotty said...

@Abdul Ahad ..,
ഞാന്‍ ഈ പോസ്റ്റ്‌ വിവാദം ആകേണ്ട എന്ന് കരുതി ജബ്ബാര്‍ മാഷിന് മറുപടി നല്‍കാന്‍ വിട്ടു പോയതാണ് .. ഏതായാലും കമ്മെന്റ് നന്നായി ..

ജബ്ബാര്‍ മാഷെ , മാതാപിതാക്കള്‍ നമ്മെ ആദര്‍ശത്തില്‍ നിന്നും വ്യതി ചലിപ്പിക്കാന്‍ നോക്കിയാല്‍ അത് അനുസരിക്കരുത്‌ എന്നെ ഖുറാന്‍ പറഞ്ഞിട്ടുള്ളൂ ..അപ്പോഴും അവരോടു നല്ല രീതിയില്‍ പെരുമാറണമെന്നും പ്രത്യേകം ഉണര്‍ത്തിയിട്ടുണ്ട് ഖുറാന്‍ ..ഇനി നീതിയുടെ കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് എതിരായാല്‍ പോലും നീതിക്ക് വേണ്ടി നിലകൊള്ളണം എന്നാണു ഖുറാന്റെ ശാസന ആ കാര്യം ഈ ബ്ലോഗിലെ ജൂതന്റെ പടയങ്കി എന്നാ പോസ്റ്റില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്

മാഷെ , ഞാന്‍ ചോദിക്കട്ടെ , ചെഗുവേര ഒരു ആദര്‍ശത്തിന് വേണ്ടി ഇറങ്ങി പ്പുരപ്പെട്ട ആളായിരുന്നു .അദ്ദേഹത്തിന്റെ അച്ഛനോ അമ്മയോ തടഞ്ഞാല്‍ ആ ആദര്‍ശം ചെഗുവേര വെടിയണം എന്നാണോ താങ്കള്‍ പറയുന്നത് ..ഇനി അങ്ങിനെ ആദര്‍ശം വെടിഞ്ഞില്ലെന്കില്‍ അച്ഛനമ്മമാരെ ധിക്കരിച്ചു എന്ന് പറയാമോ ? ഒരു മനുഷ്യന്റെ ആദര്‍ശം അവന്റെ അച്ഛനമ്മമാരെക്കള്‍ പ്രധാനം ആണ് .. പക്ഷെ ആ സമയത്തും അവന്‍ അവരോടു നല്ല രീതിയില്‍ പെരുമാറണം

മാഷെ കാര്യത്തില്‍ എനിക്ക് സഹതാപം തോന്നുന്നു ..ഖുറാനില്‍ മാതാ പിതാക്കളെ കാര്യ്ന്യത്തോടെ പരിപാളിക്കുന്നതിനെ പറ്റി ധാരാളം വിശദമായി പറഞ്ഞിട്ടുണ്ട് .. ആദര്‍ശത്തിന്റെയും ,നീതിയുടെയും കാര്യത്തില്‍ അവര്‍ എതിര് നിന്നാല്‍ അനുസരിക്കരുതെന്നും ,, ഇതൊക്കെ അറിഞ്ഞിട്ടും ഈ കാര്യത്തില്‍ വെറുതെ വാദിക്കുന്നത് കാണുമ്പോള്‍ ക്ഷീരമുള്ളോരു അകിടില്‍ ചുവട്ടിലും ..

മാഷെ ,ഒറ്റ കാര്യം കൂടി
താങ്കളുടെ മാതാ പിതാക്കള്‍ താങ്കളോട് യുക്തിവാദം ഉപേക്ഷിച്ചു നമസ്കാരവും നോമ്പും ഹജ്ജും ചെയ്യാന്‍ പറഞ്ഞാല്‍ അത് അനുസരിക്കുമോ ? ഇനി അനുസരിക്കുന്നില്ലെന്കില്‍ അത് മാതാപിതാക്കളോടുള്ള നിന്ദ ആകുമോ ? ആദര്‍ശം കാര്യത്തില്‍ മാതാ പിതാക്കള്‍ പറഞ്ഞാലും മാറരുത് എന്നല്ലേ ഖുറാന്‍ പറഞ്ഞിട്ടുള്ളൂ ..നീതിയുടെ കാര്യത്തിലും .


ഖുറാനില്‍ നിന്നും ഒരിക്കല്‍ കൂടി

"....നിനക്ക്‌ യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട്‌ നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്റെ മേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്‌. ഇഹലോകത്ത്‌ നീ അവരോട്‌ നല്ലനിലയില്‍ സഹവസിക്കുകയും, എന്നിലേക്ക്‌ മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുകയും ചെയ്യുക."( വി. ഖു 31:14-15)

Faizal Kondotty said...

പുതിയ പോസ്റ്റ്‌ തിരികെ ഞാന്‍ വരുമെന്ന..