Thursday, August 27, 2009

05: ജൂതന്റെ പടയങ്കി...?

ജൂതന്റെ പടയങ്കി യെ ക്കുറിച്ച് പറയാന്‍ പോകുന്നത്
അച്ഛനമ്മമാര്‍ക്ക് പരമാവധി നന്മ ചെയ്യണം എന്ന് പറഞ്ഞ ഖുര്‍ആന്‍ നമ്മോടു അവര്‍ക്കെതിരില്‍ നില്‍ക്കാന്‍ പറയുമോ ? അത്ഭുതപ്പെട്ടെക്കാം ..?  അത്തരമൊരു സാഹചര്യം കൂടി ആണ് ആണ് ഇന്നു വിശകലം ചെയ്യുന്നത് .

ഖുറാനില്‍ നിന്ന്

"സത്യവിശ്വാസികളേ, നിങ്ങള്‍ ദൈവത്തിനു വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത്‌ നിങ്ങള്‍ക്ക്‌ തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി.
ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട്‌ വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ ദൈവമാകുന്നു . അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്‌. . (വി. ഖുര്‍ആന്‍ 4:135)

അതായത് നീതി പുലര്‍ത്തുന്ന കാര്യത്തില്‍ ഒരു ബന്ധവും തടസ്സം നില്‍ക്കരുത് എന്ന് വിവക്ഷ .. , ദരിദ്രന് വേണ്ടിയോ ധനികന് വേണ്ടിയോ , ബന്ധുവിന് വേണ്ടിയോ മറ്റോ നാം അന്യായത്തിനു ഒരിക്കലും കൂട്ട് നില്‍ക്കരുത് ...
എന്തിനു .., നമ്മെ ദ്രോഹിച്ച  ശത്രു ആണെങ്കില്‍ പോലും അവരോടു അനീതി കാണിക്കരുത് എന്ന് കൂടി പറയുന്നു ഖുര്‍ആന്‍ .. ഈ വചനം ശ്രദ്ധിക്കൂ

"സത്യവിശ്വാസികളേ, നിങ്ങള്‍ ദൈവത്തിനു വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക്‌ സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക്‌ പ്രേരകമാകരുത്‌. നിങ്ങള്‍ നീതി പാലിക്കുക. അതാണ്‌ ധര്‍മ്മനിഷ്ഠയോട്‌ ഏറ്റവും അടുത്തത്‌. ( വി. ഖുര്‍ആന്‍ 5:08)

പറയട്ടെ , സ്വന്തക്കാര്‍ തെറ്റ് ചെയ്‌താല്‍ അത് ന്യായീകരിക്കാന്‍ കൂടെ നില്‍ക്കുകയും , നമുക്ക് ഇഷ്ടമില്ലാത്തവരോട് നീതി പാലിക്കാതിരിക്കാന് പരമാവധി ശ്രമിക്കുകയും ചെയ്യുന്നു ഒരു രീതിയാണ് ഇന്ന് പൊതുവേ സ്വീകരിക്കുന്നത്‌ ... ശക്തമായി നീതി പാലിക്കാന്‍ ആവശ്യപ്പെടുന്ന നിരവധി വചനങ്ങള്‍ ഖുറാനില്‍ ഉണ്ട് ..

പ്രവാചകന്റെ കാലത്ത് ഉണ്ടായ ഒരു സംഭവവും അതിനെ തുടര്‍ന്ന് വന്ന ഖുര്‍ആന്‍ വചനങ്ങളും ഇത്തരുണത്തില്‍ വളരെ പ്രസക്തമാണ്

ബനൂസഫര്‍ ഗോത്രത്തില്‍ പെട്ട മുസ്ലിം ആയ ഒരാള്‍ മറ്റൊരാളുടെ പടയങ്കി മോഷ്ടിച്ചു... പടയങ്കി യുടെ ഉടമസ്ഥന്‍ അന്വേഷണം ആരംഭിച്ചുവെന്നറിഞ്ഞു മോഷ്ടിച്ച ആള്‍ ഉടനെ അത് ഒരു ജൂതന്റെ വശം പണയം വച്ചു.. കളവു സാധനം ജൂതന്റെ അടുത്തു നിന്നും പിന്നീട് പിടിക്കപ്പെട്ടു , അങ്ങിനെ കേസ് പ്രവാചക സന്നിധിയില്‍ എത്തി , ജൂതന്‍ സംഭവത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കി , പക്ഷെ മോഷ്ടിച്ച ആള്‍ കുറ്റം നിഷേധിച്ചെന്ന് മാത്രമല്ല കുറ്റം നിരപരാധിയായ ആ ജൂതന്റെ മേലില്‍ കെട്ടി വക്കുകയും ചെയ്തു ... യഥാര്‍ത്ഥ മോഷ്ടാവിന്റെ ബന്ധുക്കള്‍ മോഷ്ടാവിനെ ശക്തമായി പിന്താങ്ങുകയും ഇങ്ങിനെ പറയുകയും ചെയ്തു ,

“ഇവനൊരു ജൂതനാണ്. സത്യത്തെയും സത്യപ്രബോധനത്തെയും നിഷേധിക്കുന്ന ഇവന്റെ
വാക്കൊരിക്കലും വിശ്വസനീയമല്ല. വിശ്വസികളായ ഞങ്ങളുടെ വാദത്തിന്നാണു വില കല്പിക്കേണ്ടത്“

സാഹചര്യത്തെളിവുകളും സാക്ഷി മൊഴികളും ജൂതന് എതിരായ സമയത്ത് നീതിക്ക് വേണ്ടി നിലകൊള്ളാന്‍ പ്രവാചകനെ ഉണര്‍ത്തി കൊണ്ട് അനീതിയെ ശക്തമായി ആക്ഷേപിച്ചു ഖുര്‍ആന്‍ വചനങ്ങള്‍ ഇറങ്ങി , അവയില്‍ ചിലത് താഴെ കൊടുക്കുന്നു

"........(നബിയെ )നീ വഞ്ചകന്‍മാര്‍ക്ക്‌ വേണ്ടി വാദിക്കുന്നവനാകരുത്‌" (വി .ഖു 4:105)

"ആത്മവഞ്ചന നടത്തിക്കൊണ്ടിരിക്കുന്ന ആളുകള്‍ക്ക്‌ വേണ്ടി നീ തര്‍ക്കിക്കരുത്‌. മഹാവഞ്ചകനും അധര്‍മ്മകാരിയുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയേ ഇല്ല."(വി .ഖു 4:107)


"ആരെങ്കിലും വല്ല തെറ്റോ കുറ്റമോ പ്രവര്‍ത്തിക്കുകയും, എന്നിട്ട്‌ അത്‌ ഒരു നിരപരാധിയുടെ പേരില്‍ ആരോപിക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ഒരു കള്ളആരോപണവും പ്രത്യക്ഷമായ ഒരു പാപവും പേറുകയാണ്‌ ചെയ്തിരിക്കുന്നത്‌. " (വി .ഖു 4:112)

നോക്കൂ എത്ര ശക്തമായ ഉണര്‍ത്തലുകള്‍ !.. ഈ നീതി ബോധം ഒരു മുസ്ലിമിന് ഏറ്റവും അടിസ്ഥാനമായി ഉണ്ടാവേണ്ടതാണ് .അതില്ലാത്തവര്‍, അന്യായവും ചെയ്തു ഞാനും ഈ വേദ ഗ്രന്ഥത്തിന്റെ ആള്‍ എന്ന് പറഞ്ഞു നടക്കുന്നതിലെ പൊരുത്തക്കേട് സ്വയം ഒന്ന് ആലോചിച്ചു ഈ സംഭവം ഒരു പ്രേരകമാകട്ടെ .

ഇതിനോട് ചേര്‍ത്ത് വായിക്കുന്ന ഒരു വചനം ഖുര്‍ആന്‍ രണ്ടാം അധ്യായത്തില്‍ ഉണ്ട് , അതായത് നമുക്ക് അര്‍ഹത ഇല്ലാത്ത ഒരു കാര്യത്തിനു വേണ്ടി കോടതിയെ പ്പോലും സമീപിക്കരുത് .

"അന്യായമായി നിങ്ങള്‍ അന്യോന്യം സ്വത്തുക്കള്‍ തിന്നരുത്‌. അറിഞ്ഞുകൊണ്ടു തന്നെ, ആളുകളുടെ സ്വത്തുക്കളില്‍ നിന്ന്‌ വല്ലതും അധാര്‍മ്മികമായി നേടിയെടുത്തു (ഉപയോഗിക്കാന്‍ )തിന്നുവാന്‍ വേണ്ടി നിങ്ങളതുമായി വിധികര്‍ത്താക്കളെ സമീപിക്കുകയും ചെയ്യരുത്‌." (വി .ഖു 2:188)

കറകളഞ്ഞ നീതി ബോധവും , ധര്‍മ്മ നിഷ്ഠയും , നല്ല കര്മ്മങ്ങളുമല്ലാതെ ദൈവ പ്രീതിക്ക് വേറെ കുറുക്കു വഴികള്‍ ഇല്ല എന്ന് വചനങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു..

Next

06: ഔദാര്യമല്ല,അവകാശമാണ്..

Previous

04: കാരുണ്യത്തിന്റെ ചിറകുകള്‍ ..!