Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Tuesday, July 14, 2009

ചെറായിയില്‍ നഷ്ടമായത്

(മീറ്റില്‍ പങ്കെടുത്ത ചിലരുടെ പോസ്റ്റില്‍ നിന്നും (ശരീഫ്‌ അടക്കം ) , മറ്റു ചിലരോടുള്ള ചാറ്റിങ്ങില്‍ നിന്നും , മനസ്സിലായ മീറ്റ് വികാര തീവ്രതയെ അടിസ്ഥാനമാക്കി എഴുതിയ ഒരു മിനിക്കഥ )

ചെറായിയില്‍ "നഷ്ടമായത് "

എല്ലാം ഒരു കടംകഥ പോലെ തോന്നുന്നു ...ചെറായില്‍ നിന്ന് മടങ്ങവേ ബസ്സില്‍ ഇരുന്നു അവന്‍ ഓര്‍ത്തു , മീറ്റില്‍ പങ്കെടുക്കാന്‍ പറ്റുമെന്ന് സ്വപ്നേപി കരുതിയില്ല ആദ്യം ., പിന്നീട് എപ്പോഴാണ് സാഹചര്യങ്ങള്‍ ഒത്തു വന്നത് , ഓര്‍മ്മയില്ല . എങ്കിലും ഇടയ്ക്കു ബ്ലോഗിലെ മീറ്റ് ബഹിഷ്കരണ ആഹ്വാനങ്ങളും വിവാദങ്ങളും കണ്ടു മനം മടുത്തു പിന്‍ വാങ്ങാഞ്ഞതും നന്നായി .. അല്ലേല്‍ ഇത് പോലെ ഒരു കൂടിച്ചേരല്‍ വെറുതെ മിസ്സ്‌ ചെയ്തേനെ .

കമന്റുകളിലെയും പോസ്ടുകളിലെയും അക്ഷരങ്ങളിലൂടെ മാത്രം കണ്ടു പരിചയിച്ച ആളുകളെ നേരില്‍ കാണുക , വല്ലാത്ത ഒരു ആകാംഷ തന്നെയായിരുന്നു രാവിലെ . അപരിചിതത്വം മറ നീങ്ങി വന്നപ്പോഴോ പൊടുന്നനെ ചിരകാല സുഹൃത്തുക്കള്‍ ആയി പരിണമിച്ചു പലരും ... ഒരു തരം മെറ്റമോര്ഫോസിസ്‌ ...

"സ്റ്റോപ്പ് എത്തി ..ഇറങ്ങുന്നില്ലേ .. "

കണ്ടക്ടറുടെ ചോദ്യം അവനെ തട്ടിയുണര്‍ത്തി .ബസ്സിറങ്ങി വീട്ടിലേക്കു നടക്കവേ ഇടയ്ക്കു വീണ്ടും മീറ്റ് ചിന്തകള്‍ അവനു ചുറ്റും നൃത്തം ചെയ്യാന്‍ തുടങ്ങി .

എന്ത് കൊണ്ടാണ് മീറ്റില്‍ പങ്കെടുത്തവര്‍ ഇത്രയ്ക്കു ആവേശഭരിതന്‍ ആകാന്‍ കാരണം ..?ഒരു പക്ഷെ അണുകുടുംബ വ്യവസ്ഥിതി തീര്‍ത്ത വിരസത, അല്ലെങ്കില്‍ വികാരങ്ങള്‍ ഇല്ലാത്ത സാങ്കേതിക യന്ത്രങ്ങള്‍ സുഹൃത്തുക്കളുടെ സ്ഥാനം കയ്യടക്കിയത് , ഇവയൊക്കെ പലരെയും അവര്‍ പോലും അറിയാതെ കടുത്ത ഒറ്റപ്പെടലിലേക്ക് നയിച്ചിരിക്കാം .

ദി റിയല്‍ ജോയ് ഈസ്‌ ദി ജോയ് ഓഫ് ഷെയറിങ് എന്ന് മുന്‍പ് എവിടെയോ വായിച്ചത് ഓര്‍മ്മയില്‍ തെളിഞ്ഞു .കൂടിച്ചേരലുകളുടെയും പങ്കുവെക്കലിന്റെ അവസരങ്ങള്‍ കുറഞ്ഞു വരുന്നതാണ് മാനസിക സംഘര്‍ഷങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും അടിത്തറ ആകുന്നത് ... അവനോര്‍ത്തു .

ഒരിടത്ത് തന്നെ കെട്ടി കിടന്നു വറ്റിപോകുന്നു സ്നേഹവും പരസ്പര കാരുണ്യവും ..മേമ്പൊടിക്ക് നാടൊട്ടുക്ക് വളര്‍ന്നു വരുന്ന ജാതി മത കമ്പാര്ട്മെന്റൈസേഷനും അയല്‍്വാസികള്ക്കിടയില് ഉയരം കൂടി കൂടി വരുന്ന മതിലുകളും. അന്തിക്ക് കുശലം പറഞ്ഞിരിക്കുന്ന നാട്ടുകാരെ ഗ്രാമങ്ങളില്‍ പോലും മഷിയിട്ടു നോക്കിയാല്‍ കാണാനില്ല ..കലികാലം തന്നെ .

ബ്ലോഗിലെ സ്മൈലി നേരില്‍ കണ്ടപ്പോള്‍ തെളിഞ്ഞ പുഞ്ചിരി ആയി .. തമാശ പറഞ്ഞു പൊട്ടിച്ചിരിച്ചപ്പോള്‍ അത് ബ്ലോഗില്‍ ഹി ഹി എന്ന് വെറുതെ എഴുതി പോകുന്നതിനേക്കാള്‍ ഹൃദ്യം ആയി ... ആശ്ലേഷിച്ചു പിരിയുമ്പോള്‍ സ്നേഹം ഒരു വൈദ്യുത പ്രവാഹം കൂടിയാണെന്ന് രോമകൂപങ്ങള്‍ ബോധ്യപ്പെടുത്തി ...

ഓരോന്ന് ആലോചിച്ചു വീടെത്തിയത് അറിഞ്ഞില്ല ..ഉമ്മറത്തെ കിണ്ടിയിലെ വെള്ളം എടുത്തു കാല്‍ കഴുകി .. പട്ടണത്തില്‍ ആണെങ്കിലും ചില പഴയ ആചാരങ്ങള്‍ മുടക്കിയിട്ടില്ല .. അത് നന്നായി .. ഇപ്പൊ പലരും മുഖം പോയിട്ട് കാലു പോലും കഴുകാതെ ആണ് വന്നു കിടന്നുറങ്ങുന്നത് . ധരിച്ച ഷര്‍ട്ട്‌ പോലും മാറ്റി ഇടാതെ വൃത്തിഹീനനായി പാതിരാത്രിയില്‍ വന്നു ഉറങ്ങുന്നവന്‍ ഭീകര സ്വപ്നം അല്ലാതെ മറ്റെന്തു കാണാന്‍ ?

കോലായില്‍ എത്തിയപ്പോ ശരീരത്തിന് എന്തോ ഒരു വല്ലായ്ക പോലെ

"എന്താ നിങ്ങള്ക്ക് വല്ല ക്ഷീണവും ?"
ഭാര്യ അല്പം ആധിയോടെ ചോദിച്ചു ..

ഇനി ചെറായില്‍ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ ആണോ ? നല്ല നാടന്‍ ചോറും കരി മീന്‍ വറുത്തതും ആണല്ലോ കഴിച്ചത് , മാതമല്ല ഒന്നിച്ചിരുന്നു കഴിച്ചപ്പോള്‍ വല്ലാത്ത ഒരു രുചി തോന്നിയിരുന്നു .... അപ്പൊ അതല്ല കാര്യം ...മറ്റെന്തോ ആണ് .. അവന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു .

"ഏതായാലും ഡോക്ടറെ കാണിച്ചു വരാം ".. ഭാര്യയുടെ വാക്കുകളില്‍ ആശങ്ക പ്രകടം .

"അതിനു മാത്രം ഒന്നും ഇല്ലന്നെ .. ഒരു ചെറിയ ശ്വാസ തടസ്സം പോലെ , അത് ഇപ്പൊ ശരിയാകും .. "

ഒടുവില്‍ അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഹോസ്പിറ്റലില്‍ എത്തി .നീണ്ട പരിശോധനയ്ക്ക്‌ ശേഷം സ്കാനിംഗ് റിസള്‍ട്ട്‌ നോക്കി ഡോക്ടര്‍ ഒരു ഞെട്ടലോടെ പറഞ്ഞു

"എന്തൊരു അത്ഭുതം ഇത്.. താങ്കളുടെ ഹൃദയം അപ്രത്യക്ഷമായിരിക്കുന്നു ..അണ്‍്ബിലീവബിള്‍് !"

"പക്ഷെ അതിലും വലിയ അത്ഭുതം താങ്കളുടെ ധമനികളില്‍ ശുദ്ധ രക്തം ഓട്ടോമറ്റിക് ആയി നിറയുന്നു എന്നതാണ് "

" എന്താണ് താങ്കള്‍ക്കു സംഭവിച്ചത് പറയൂ ".. ഡോക്ടര്‍ ആകാംക്ഷയുടെ പരകോടിയില്‍ എത്തി .

അല്പം ആലോചിച്ച ശേഷം അവന്‍ പതിയെ പറഞ്ഞു .

"ഡോക്ടര്‍.. എനിക്ക് ഇപ്പോള്‍ എല്ലാം വ്യക്തം ആയി "

"ചെറായിയില്‍ ഒത്തു ചേര്‍ന്ന കൂട്ടുകാര്‍്ക്ക് ,അവരുടെ ആത്മാര്‍ത്ഥ സ്നേഹത്തിനു പകരം ആയി ഞാന്‍ പകുത്തു കൊടുത്തത് എന്റെ....... , എന്റെ ഹൃദയം തന്നെയായിരുന്നു ഡോക്ടര്‍.."
അവന്റെ വാക്കുകള്‍ വികാരവിക്ഷോഭത്താല്‍് പലയിടത്തും മുറിഞ്ഞു .

അപ്പോഴും അവന്റെ ധമനികളിലേക്ക് അദൃശ്യമായ കുഴലുകളിലൂടെ ശുദ്ധ രക്തം ശക്തിയായി പമ്പു ചെയ്യുന്നുണ്ടായിരുന്നു .. ആ കുഴലുകളുടെ മറ്റേ അറ്റം ഘടിപ്പിച്ചിരുന്നത് മീറ്റില്‍ വന്ന നൂറോളം ആളുകളുടെ ഹൃദയത്തിലേക്കായിരുന്നു ..

അപ്പോഴും സജീവേട്ടന്‍ സ്നേഹത്താല്‍ വരച്ചു കൊടുത്ത കാരിക്കേച്ചര്‍ അവന്‍റെ മാറോടു ചേര്‍ന്ന് പോക്കറ്റില് കിടപ്പുണ്ടായിരുന്നു