Wednesday, March 24, 2010

കുഴിയാനയോ...?അതെന്താണ് ..?..

ചിരട്ടയെടുത്ത് മൂന്നു വയസ്സ് പ്രായമാകുന്ന മകന്റെ കൂടെ മണ്ണപ്പം ചുടാനായി മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ , സത്യത്തില്‍ രണ്ടു ഉദ്ദേശം ഉണ്ടായിരുന്നു മനസ്സില്‍ .. ഒന്ന് നമ്മള്‍ ഒക്കെ വളര്‍ന്നു വന്ന പോലെ , കൊച്ചു കൊച്ചു കാര്യങ്ങളുടെ രാജകുമാരനായി (പ്രിന്‍സ് ഓഫ് സ്മാള്‍ തിങ്ങ്സ്‌ ) , മണ്ണിനോടും പ്രകൃതിയോടും പ്രണയിച്ചും കലഹിച്ചും എന്റെ കുഞ്ഞും വളരട്ടെ എന്ന ഒട്ടും മായം ചേര്‍ക്കാത്ത മോഹം . രണ്ടു , മിക്കവരെയും പോലെ തന്നെ ഏറ്റവും സന്തോഷകരം ആയി കഴിഞ്ഞു പോയ എന്റെ കുട്ടിക്കാലം ഓര്‍ത്തെടുക്കാനുള്ള ആഗ്രഹവും ....


ചിരട്ടയില്‍ മണ്ണ് നിറച്ചു അല്പം വെള്ളം ചേര്‍ത്ത് ഞങ്ങള്‍ പുട്ട് ചുടുവാന്‍ തുടങ്ങിയപ്പോള്‍ , എന്റെ മകന്‍ സന്തോഷം കൊണ്ട് തുള്ളി ചാടി ..ഒരു പക്ഷെ ഞാന്‍ വരുമ്പോള്‍ കൊണ്ട് വന്ന ചൈനീസ്‌ കളിപ്പാട്ടങ്ങളെക്കാളും അവനു സന്തോഷം തോന്നിയത് ഇപ്പോഴാണ് എന്ന് തോന്നുന്നു , ( മുറ്റം ഇന്റര്‍ ലോക്ക് കട്ടകള്‍ പതിക്കണം എന്ന പലരുടെയും ശക്തമായ അഭിപ്രായം തള്ളിക്കളഞ്ഞത് എത്ര നന്നായി , അല്ലെങ്കില്‍ ഞങ്ങള്‍ എങ്ങിനെ മണ്ണില്‍ കളിക്കും ) . കളിക്കിടയില്‍ മുറ്റത്തെ തെങ്ങില്‍ തൂങ്ങി നില്‍ക്കുന്ന പച്ച ഓലയെടുത്തു ഞാന്‍ അവനു വാച്ച് ഉണ്ടാക്കി കൊടുത്തു , തിരിയുന്ന പങ്കയും. (പഴയത് പലതും മറന്നിട്ടില്ല എന്നത് എന്നെ സമാധാനപ്പെടുത്തി ) ...

പിന്നെ പലതും അവനു ഉണ്ടാക്കി കൊടുക്കണം എന്ന് എനിക്കുണ്ടായിരുന്നു .. പഴയ ഹവായി ചെരുപ്പ് വട്ടത്തില്‍ മുറിച്ചു വണ്ടി ഉണ്ടാക്കി കൊടുക്കണം എന്നും മറ്റും ..പക്ഷെ ഹവായി ചെരിപ്പെവിടെ ? എളുപ്പത്തില്‍ വട്ടത്തില്‍ മുറിക്കാന്‍ ഉലക്കയും ഇല്ല . പണ്ട് ഈന്തപ്പന ഓലകള്‍ കൊണ്ട് കുഞ്ഞു വീടുകള്‍ ഉണ്ടാക്കി , അയല്‍പക്കത്തെ കുഞ്ഞമ്മയുടെ ദാസന്റെ നേതൃത്വത്തില്‍ നാടകം കളിച്ചതും ഓര്‍മ്മകളില്‍ നിറഞ്ഞു നിന്നു. എന്ത് സ്നേഹമായിരുന്നു അയല്‍പക്കത്തെ കൂട്ടുകാരോട് .. ചെറിയ വേലിക്കപ്പുറത്ത്‌ നിന്നു പെട്ടെന്ന് ആഗ്യം കാണിച്ചു കളിക്കാന്‍ വിളിക്കുമായിരുന്നു .ഇന്ന് കൊച്ചു കൂട്ടുകാര്‍ക്ക് കുഞ്ഞി കൈകള്‍ കൊണ്ട് മുതിവര്‍ ഉണ്ടാക്കി വച്ച പല തരം "മതിലുകള്‍" തകര്‍ക്കാന്‍ കഴിയില്ലല്ലോ ? ...

"ദേ.. ബാപ്പയും മോനും മണ്ണില്‍ കളിക്കുകയാണോ ?" .. അല്പം പരിഭവത്തോടെ സിറ്റ് ഔട്ടില്‍ നിന്നു ഭാര്യ ചോദിച്ചത് കേട്ട് ഞാന്‍ തിരഞ്ഞു നോക്കി ..
" ഉം ..?."
" അല്ല .., മണ്ണിലും വെള്ളത്തിലും കളിച്ചാല്‍ അവനു കഫക്കെട്ടിന്റെ അസുഖം വരും .." നിങ്ങള്ക്ക് ഇത് എന്ത് പറ്റി ..?"

ഞാന്‍ അവളോട്‌ അല്പം ചൂടായും, ഗൌരവത്തോടെയും മറുപടിയായി പലതും പറഞ്ഞു ... അതിന്റെ രത്നച്ചുരുക്കം ഇങ്ങിനെയായിരുന്നു ..

"ചുറ്റുപാടുകളുമായി ഒരു ബന്ധവും ഇല്ലാതെ കൂട്ടില്‍ അടച്ചിട്ട ബ്രോയിലര്‍ കോഴികളെ പോലെ വളര്‍ത്തുന്നത് കൊണ്ടാണ് ഇപ്പോഴത്തെ കുട്ടികള്‍ക്ക് മാനസികവും ശാരീരികവും ആയ ആരോഗ്യം ഇല്ലാതെ ആയിത്തീരുന്നത് ,
കുട്ടികളെ വീട്ടിനുള്ളില്‍ തന്നെ പിടിച്ചു ഇരുത്താനായി ടി വിയും , അനിമേഷന്‍ സി ഡിയും മറ്റു കാണിച്ചു കൊടുത്താല്‍ , ഒട്ടും creative അല്ലാത്ത അത്തരം വിനോദങ്ങള്‍ കാരണം കുട്ടികള്‍ നിസ്സംഗരായി വളരും.. ഓര്‍ക്കാന്‍ ഒരു ബാല്യമോ കൗമാരമോ ഇല്ലാതെ , നമ്മള്‍ തന്നെ വാങ്ങി കൊടുക്കുന്ന നിര്‍വ്വികാരങ്ങളായ കളിപ്പാട്ടങ്ങള്‍ കണക്കെ ആയി തീരും ( പല കളിപ്പട്ടങ്ങളിലും വിഷാംശം ഉള്ള രാസവസ്തുക്കള്‍ ഉണ്ടത്രേ ). അങ്ങിനെ ഒന്നിനും കൊള്ളാത്ത ഒരാളായി എന്റെ മകന്‍ വളരേണ്ട " ...

ഏതായാലും മുറ്റത്തേക്ക് ഇറങ്ങി ... ഇനി രണ്ടാലൊന്ന് ആയിട്ട് തന്നെ കാര്യം . ഇനി അടുത്തത് തോട്ടില്‍ പോയി ഒരു കുളി ആവാം . എന്റെ വീടിനു താഴ് ഭാഗത്ത്‌ ഏകദേശം അടുത്തായി വലിയൊരു തോട് ഒഴുകിയിരുന്നു പണ്ട് .. ഒരുപാട് കുട്ടികള്‍ വന്നു കുളിക്കുമായിരുന്നു അന്ന് , കല്ല്‌ ആഴങ്ങളിലേക്ക് ഇട്ടു മുങ്ങി എടുക്കുക , നീന്തി തൊട്ടു കളിക്കുക തുടങ്ങിയ കളികള്‍ പലതും, പിന്നെ ചൂണ്ട ഇട്ടും തോര്‍ത്ത്‌ കൊണ്ട് കോരിയും മീനിനെപ്പിടിച്ചു , ചേമ്പിലയില്‍ കുമ്പിള്‍ കുത്തി വെള്ളം നിറച്ചു , മീനിനെ കിണറ്റില്‍ കൊണ്ട് ഇടുമായിരുന്നു .

ആ പഴയ ഓര്‍മ്മകള്‍ എന്നില്‍ തികട്ടി വന്നപ്പോള്‍ ഞാന്‍ ഭാര്യയോടു പറഞ്ഞു .. നീ ആ തോര്‍ത്ത്‌ മുണ്ട് എടുക്കു ഞാന്‍ തോട്ടില്‍ നിന്നും കുളിച്ചു വരട്ടെ..,

ഭാര്യ ചിരിച്ചു കൊണ്ട് ചോദിച്ചു ." ആ തോട്ടില്‍ എപ്പോള്‍ ആരും കുളിക്കാറില്ലെന്ന് നിങ്ങള്‍ക്കു അറിയില്ലേ ..? അവിടെ ഇപ്പോള്‍ കോഴിക്കടയില്‍ നിന്നും മറ്റും വലിച്ചെറിയുന്ന അവശിഷ്ടങ്ങളും , ചില പാടങ്ങളില്‍ നിന്നു ഒഴുകി വരുന്ന കീടനാശിനി കലര്‍ന്ന അഴുക്കു വെള്ളവും മാത്രമേ ഉള്ളൂ .. ആരും അതില്‍ ഇറങ്ങുക പോലും ചെയ്യാറില്ല ."

ഞാന്‍ തോടിനരികില്‍ നടന്നു , ആരെങ്കിലും ഒരാള്‍ എങ്കിലും കുളിക്കുന്നുണ്ടാകും എന്ന് ന്യായമായും ഞാന്‍ പ്രതീക്ഷിച്ചു ..തോട് രണ്ടു അരികും പഞ്ചായത്ത് വക കോണ്ക്രീറ്റ് കെട്ടി ഭംഗിയാക്കിയിരിക്കുന്നു. പക്ഷെ അല്പം ഉള്ള വെള്ളത്തിന്‌ ചുകപ്പു കലര്‍ന്ന നിറം ..അതില്‍ ഇറങ്ങി കുളിക്കാന്‍ പോയിട്ട് കാലു കഴുകാന്‍ വരെ തോന്നില്ല ... എന്റെ മകനടക്കമുള്ള വളര്‍ന്നു വരുന്ന ഒരു വലിയ തലമുറയ്ക്ക് അതൊക്കെ നഷ്ടമാകുകയാണല്ലോ എന്നോര്‍ത്ത് മനസ്സ് വേദന പൂണ്ടു ..

തിരിച്ചു വീട്ടില്‍ വന്നു നീ കുഴിയാനയെ കണ്ടിട്ടില്ലല്ലോ വാ ഞാന്‍ പിടിച്ചു തരാം എന്നും പറഞ്ഞു , കയ്യില്‍ ഒരു ഈര്‍ക്കില്‍ കമ്പ് എടുത്തു, മകനെ കൈ പിടിച്ചു വീണ്ടും മുറ്റത്തേക്കിറങ്ങി , വീടിനു ചുറ്റും നടന്നു..ഇല്ല ..കുഴിയാനയുടെ ഒരു കുഴി പോലുമില്ല .. വില്‍ക്കാനായി വച്ച ആളൊഴിഞ്ഞ തൊട്ടു അടുത്ത വീട്ടിനു ചുറ്റിലും ഞാന്‍ നടന്നു ..ഇല്ല എവിടെയും ഒരു കുഴിയാനയുടെ കുഴി പോലും ഇല്ല ..പറഞ്ഞിട്ടെന്തു .പറന്നു നടക്കുന്ന തുമ്പികളും ഇല്ലാതായല്ലോ ...ആരാണ് ഉത്തരവാദികള്‍ ?

വലുതാകുമ്പോള്‍ എന്റെ മകന്‍ ഷെല്‍ഫില്‍ ഞാന്‍ സൂക്ഷിച്ചു വച്ച വൈക്കം മുഹമ്മദ്‌ ബഷീറിന്റെ കൃതികള്‍ വായിക്കുമായിരിക്കും , അന്ന് "ന്റുപ്പൂപ്പാക്കൊരു ആനയുണ്ടാര്‍ന്നു" എന്ന പുസ്തകം വായിച്ചു അവസാനം ക്ലൈമാക്സില്‍ എത്തുമ്പോള്‍ അവന്‍ മനസ്സിലാകാതെ നെറ്റി ചുളിക്കും .. ? ഇങ്ങിനെ ആത്മഗതം ചെയ്തേക്കാം

കുഴിയാനയോ ?.....അതെന്താണ് ..?..

49 comments:

പള്ളിക്കുളം.. said...

അന്ന് കുഴിയാനയുടെ പടം സഹിതം ഡി.സി ബുക്സ് ആ കഥ പ്രസിദ്ധീകരിക്കുമായിരിക്കും.. അപ്പോഴും കുട്ടി ചോദിക്കും.. ബാപ്പാ, ഇതെന്താണ്ന്ന്.. അപ്പോ പറയാ.. ഞമ്മക്ക് പണ്ടൊരു കുയ്യാനേണ്ടാർന്ന്’ ന്ന്..

ജിപ്പൂസ് said...

അങ്ങനെ കുഴിയാനേം ഓര്‍മ്മയായി.ഇനി ഇവിടെങ്ങാനും തപ്പിക്കോ ഫൈസല്‍ക്കാ.ദാ ഹരീഷ്ജി പിടിച്ച് മൂപ്പര്‍ടെ ബ്ലോഗിലിട്ടിട്ടുണ്ട് രണ്ട് മൂന്നെണ്ണത്തിനെ :)

cALviN::കാല്‍‌വിന്‍ said...

ഫൈസലേ സർ‌വൈവൽ ഓഫ് ദ ഫിറ്റസ്സ്റ്റ്.. കുഴിയാന ഓർമയാകുമോ? :)

Anonymous said...

കുഴിയാനയോ? അതെന്താണ് ? ഇതു മാത്രല്ല മറ്റു പലതും നമ്മുടെ മക്കള്‍ക്ക്‌ നഷ്ടപെട്ടു കൊണ്ടിരിക്കയാണ് .മക്കളെ നെല്പാടങ്ങള്‍ കാണിക്കാന്‍ അയല്‍ സംസ്ഥാനത്തു‍ പോകേണ്ട സ്ഥിതി ആണ് ഇപ്പോള്‍.

ഷാജി ഖത്തര്‍.

Arshu said...

ഫൈസല്‍ ഭായ് ... കുട്ടിക്കാലത്തെ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ചില നിമിഷങ്ങളിലേക്ക് എന്നെ കൊണ്ട് പോയതില്‍ നന്ദി ... നിങ്ങള്‍ പറഞ്ഞ അതെ തോട്ടില്‍ ഒരു 6 മാസം മുമ്പേ ഞാന്‍ ഒന്ന് ചാടി നോക്കി.. എന്നെ തോട്ടിലേക്ക് വലിച്ചെറിഞ്ഞു എന്നും വേണേല്‍ പറയാം ..നാട്ടില്‍ എത്തിയപ്പോള്‍ കൂട്ടുകാരെ തപ്പി ഇറങ്ങിയപ്പോള്‍ ഓര്‍ത്തില്ല അവരൊക്കെ തോട്ടിലും വെള്ളത്തിലും ആയിരിക്കുമെന്ന്.. :)

അപ്പൂട്ടന്‍ said...

ഫൈസൽ,
പട്ടണത്തിലാണ്‌ വളർന്നതെങ്കിലും (പാലക്കാട്‌ പട്ടണം അത്ര വലുതൊന്നുമല്ലായിരുന്നു) അത്യാവശ്യം മണ്ണപ്പം ചുടാനും ഓലവാച്ച്‌ കെട്ടാനുമൊക്കെ എനിക്ക്‌ സാധിച്ചിരുന്നു. നീന്തൽ പഠിക്കാൻ പത്താംക്ലാസ്‌ കഴിഞ്ഞുള്ള വെക്കേഷൻ വരെ കാത്തിരിക്കേണ്ടിവന്നു എന്നതാണ്‌ ഞാനനുഭവിച്ച ഒരു കുട്ടിക്കാലനഷ്ടം. കുറഞ്ഞപക്ഷം തറവാട്ടിലേയ്ക്ക്‌ പോകുമ്പോഴെങ്കിലും ഗ്രാമഭംഗി ആസ്വദിക്കാൻ സാധിച്ചിരുന്നു.

എന്റെ മകന്‌ ഇതത്ര സാധ്യമാകാൻ ഞാനും ഫൈസലിനെപ്പോലെ തുനിഞ്ഞിറങ്ങേണ്ടിവരും. ഇവിടെ തിരുവനന്തപുരത്തെ താമസസ്ഥലത്തോ അതിനടുത്തോ അത്രയും സ്ഥലമില്ല. (ബാംഗ്ലൂർ ആയിരുന്നെങ്കിൽ ഇതിലധികം വിഷമിച്ചേനെ). താമസസ്ഥലത്ത്‌ ടൈൽ പതിച്ചിട്ടുണ്ടുതാനും. നാട്ടിൽ പോകുമ്പോഴാണ്‌ ഇത്തരം കളികൾ സാധ്യമാകുക, പക്ഷെ യാത്രകൾ പലപ്പോഴും ചെറുസന്ദർശനങ്ങൾ ആകുമെന്നതിനാലും മിക്കവാറും വല്ല വിശേഷങ്ങൾക്കുമാകുമെന്നതിനാലും കളിക്കാൻ അധികം സമയം കിട്ടാറില്ല. എന്നാലും ഓരോ തവണ പോകുമ്പോഴും അവന്റെ കൂടെ നടന്ന പൂപറിക്കാനും അത്യാവശ്യം മണ്ണിൽ ഓടാനും കൂടാറുണ്ട്‌.

അവന്‌ നഷ്ടമാകുന്നതെന്തെന്ന് ഞാൻ അറിയുന്നു, പരിമിതികളുണ്ടെങ്കിലും അതെല്ലാം നികത്തണമെന്ന് മോഹമുണ്ട്‌.
നന്ദി ഫൈസൽ, ഒരിക്കൽക്കൂടി എന്നെ ഇതോർമ്മിപ്പിച്ചതിന്‌.

ചെറുവാടി said...

ഓരോ അവധികാലവും ഇങ്ങിനെ ചില നഷ്ടങ്ങളുടെ കണക്കെടുപ്പായി മാറിപോകാറുണ്ട്. തുംബപൂവും അസര്‍മുല്ലയും തൊട്ടാവാടിയും തുടങ്ങി മാങ്ങപുല്ലും ഫൈസല്‍ സൂചിപിച്ച ഈന്തപന വരെ അപ്രത്യക്ഷമായി നാട്ടീന്ന്.

അനിൽ@ബ്ലോഗ് said...

കുഴിയാന അല്ല ഫൈസലെ, കുജ്ജാന.
അങ്ങിനെയാണ് പറയേണ്ടത്.
:)

sm sadique said...

ശാന്തമായ കുറെ ഓര്‍മ്മകള്‍ ഉണര്‍ത്തിയതിന് നന്ദി . മനുഷ്യന്റെ മണമുള്ള അനുഭവങ്ങള്‍ ജീവിതത്തില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന പ്രിയ ബ്ലോഗര്‍ക്ക് (ഫൈസല്‍ ) സലാം !!!!!

ഒരു നുറുങ്ങ് said...

ഫൈസലേ,നാട്ടില്‍ നിന്നും കൊണ്ടുവന്ന
സമ്മാനം ഹൃദ്യമായി...കുറേ മണ്ണ് മണക്കുന്ന
ഓര്‍മകളുടെ മാര്‍ച്ച്പാസ്റ്റ്...
മക്കള്‍ക്കായി പകര്‍ന്നു നല്‍കാന്‍ ഒന്നുമില്ലാത്ത
നമുക്ക് വിലപിക്കാനേ കഴിയൂ...
ഇത്തിരിനേരത്തേക്കെങ്കിലും ഓര്‍മകള്‍ക്ക് ബാല്യം
നല്‍കാന്‍ നിങ്ങളിലെ “കുഴിയാന”ക്ക് കഴിഞ്ഞു..!
അഭിനന്ദനങ്ങള്‍,മഅസ്സലാം...

Faizal Kondotty said...

@ പള്ളിക്കുളം..

അത് സംഭവിക്കാന്‍ സാധ്യതയുള്ളത് തന്നെ .
@ ജിപ്പൂസ്

wow !.. ഹരീഷ്ജി ശരിക്കും ഒപ്പിയെടുത്തിട്ടുണ്ട് ..ലിങ്ക് തന്നതിന് നന്ദി ..

@ കാല്‍‌വിന്‍

:) ,
പക്ഷെ ഇത് സ്വാഭാവികമായ ഒരു വംശനാശം ആണോ ? മനുഷ്യന്റെ, പ്രകൃതിയിലെ നെഗറ്റീവ് ആയ ഇടപെടലുകളുടെ ഒരു പരിണിത ഫലമാകാം ഇത് ... ,even though we can include this in to the theory of "survival of the fittest ", as u mentioned.

@ shaji-K
you said it...

@ Arshu

ഏതായാലും തിരിച്ചു കയറിയല്ലോ.. നന്നായി . ഇനി മേലാല്‍ ഇറങ്ങിപ്പോകരുത് :)

@ അപ്പൂട്ടന്‍

നമുക്ക് ലഭിച്ചതൊന്നും കഴിവതും മക്കള്‍ക്ക്‌ നഷ്ടമാകാതെ നോക്കുക , മാത്രമല്ല മനസ്സില്‍ നന്മയുള്ളവരായി, മറ്റുള്ളവരോട് കാരുണ്യം കാണിക്കുന്നവരായി അവര്‍ വളരണമെങ്കില്‍ , തീര്‍ച്ചയായും പ്രകൃതിയുമായി ഇഴകി ചേര്‍ന്ന ഒരു ബാല്യം അവര്‍ക്ക് നഷ്ടമാവാതെ നോക്കേണ്ടതുണ്ട് .. കമ്പ്യൂട്ടര്‍ ഗെയിംസ് പലപ്പോഴും ഒറ്റപ്പെട്ടു നില്‍ക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതായി തോന്നാറുണ്ട് ... കൂടെ അല്പം അക്രമണോത്സുകതയും . എന്തൊക്കെയായാലും ഗ്രാമീണ ജീവിതത്തില്‍ നിര്‍വ്വചിക്കാന്‍ ആവാത്ത എന്തൊക്കെയോ നന്മകള്‍ ഉണ്ട് ... സാമൂഹികമായ ചില ഒത്തൊരുമകളുടെ , പങ്കു വെക്കലിന്റെ നല്ല മാതൃകകളും .. ആധുനിക സൗകര്യങ്ങള്‍ക്കൊപ്പം തന്നെ നമ്മുടെ മക്കള്‍ക്ക്‌ അത് കൂടെ ലഭിക്കാന്‍ നാം അലസത വെടിഞ്ഞു പരിശ്രമിക്കേണ്ടതുണ്ട് എന്നാണു എന്റെ പക്ഷം

Faizal Kondotty said...

@ ചെറുവാടി & @ sm sadique
ചിന്തകള്‍ പങ്കു വച്ചതിനു നന്ദി .. ..

@ അനിൽ@ബ്ലോഗ്

അതെ :) .. അങ്ങിനെയാണ് പറയേണ്ടത് , അല്ലെങ്കില്‍ ബഷീറിയില്‍ സാഹിത്യത്തിന്റെ ആത്മാവ് നഷ്ടമാകും...
നന്ദി ..

@ ഒരു നുറുങ്ങ്
നന്ദി ഹാറൂന്‍ ക്ക

സിനു said...

ഓര്‍മ്മകള്‍ വളരെ നന്നായിരിക്കുന്നു
രസമായി വായിച്ചു
നല്ല പോസ്റ്റ്‌

ശ്രദ്ധേയന്‍ | shradheyan said...

എടാ.. നാട്ടില്‍ നിന്നും വന്നു വേണ്ടാത്തതൊക്കെ എഴുതിപ്പിടിപ്പിച്ച് നീ എന്നെ നാട്ടിലേക്ക് തിരിച്ചയച്ചു കളയുമല്ലോ... :)

ശ്രദ്ധേയന്‍ | shradheyan said...

എടാ.. നാട്ടില്‍ നിന്നും വന്നു വേണ്ടാത്തതൊക്കെ എഴുതിപ്പിടിപ്പിച്ച് നീ എന്നെ നാട്ടിലേക്ക് തിരിച്ചയച്ചു കളയുമല്ലോ... :)

Faizal Kondotty said...

(" നാട്ടില്‍ പോയി വന്നതല്ലേ ..കുറേ നാട്ടു വര്‍ത്തമാനങ്ങളെഴുതൂ " എന്ന് കാവലാന്‍ പറഞ്ഞപ്പോള്‍ കുറച്ചു വിശേഷങ്ങള്‍ എഴുതിക്കളയാം എന്ന് കരുതി ഇരുന്നതാണ് ...,പക്ഷെ ഓര്‍മ്മകള്‍ പലതും തിരിച്ചു വരാതെ എവിടെയൊക്കെയോ പോയി മറയുന്നു , അല്പം ചിലത് തിരിച്ചു വരുന്നതാവട്ടെ , നൊമ്പരങ്ങളുടെ മഞ്ഞുകണങ്ങള്‍ പുതച്ചും . അപൂര്‍വ്വം ചിലത് മാത്രം സന്തോഷത്തിന്റെ , നിര്‍വൃതിയുടെ പൂക്കളുമായി തിരിച്ചു വരുന്നു ,നഷ്ടമാകുന്നവയെക്കുറിച്ചു വ്യാകുലപ്പെടാണോ അതോ നിലനില്‍ക്കുന്നവയെക്കുറിച്ച് അഭിമാനം കൊള്ളണോ എന്ന ഒരു തീര്‍ച്ചയില്ലായ്മ..!)

Faizal Kondotty said...

സിനു
നന്ദി .. ,

ശ്രദ്ധേയന്‍ ,
അല്ല, പിന്നെ നാട്ടില്‍ പോകാതെ അവിടെ അങ്ങ് കൂടാമെന്ന് ഉറപ്പിച്ചു ഇരിക്കുകയാണോ ? വേഗം നാട്ടില്‍ ചെല്ലാന്‍ നോക്ക് ..:)

jayarajmurukkumpuzha said...

othiri nanmakale ormapeduthiya post...... ashamsakal.................

Sulthan | സുൽത്താൻ said...

ഫൈസൽക്കാ,

വെട്ടിപിടിക്കുവാൻ വെമ്പൽകൊള്ളുന്ന ഒരു തലമുറയ്ക്ക്‌ നഷ്ടപ്പെടുന്നതൊന്നും അറിയുന്നില്ലല്ലോ എന്ന പരിഭവം, നന്മയുള്ള ഹൃദയത്തിന്റെ വാക്കുകളിൽ വരച്ചത്‌, വളരെ നന്നായി.

എനിക്ക്‌ ലഭിച്ചതും എന്റെ മകന്‌ നഷ്ടപ്പെടുന്നതുമായ ദൗതിക വസ്തുകളേക്കാൾ വിലപ്പിടിപ്പുള്ള പലതും അവനന്യമാണ്‌.

മഴവെള്ളത്തിൽ കുട്ടികളെ ചാടികളിപ്പിച്ചതിന്‌, പാതിയുടെ ശകാരം ഒന്നര ദിവസം. കുട്ടികൾ രണ്ടും ആശുപത്രിയിൽ മൂന്ന് ദിവസം.

അല്ലാ, എപ്പോ വന്നൂ എന്ന് ചോദിക്കുന്നതിന്‌ മുൻപ്‌, എപ്പോ പോയി എന്ന് ചോദിക്കുവാൻ അഗ്രഹമുണ്ട്‌.

പുതിയ ജോലിയോക്കെ സുഖമാണോ പഴയ മാഷെ.

Sulthan | സുൽത്താൻ

കെ.പി.സുകുമാരന്‍ said...

നല്ല പോസ്റ്റ് ഫൈസലെ..

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

മഴവെള്ളം മുറ്റത്തൂടെ ഒഴുകിയത് ..
കടലാസുവഞ്ചി ഉണ്ടാക്കി കളിച്ചത്
കുഴിയാനയെ പിടിച്ചു സര്‍ക്കസ്സ് കളിപ്പിച്ചത്
മണ്ണിര കൊണ്ട് ഇരയുണ്ടാക്കി മീന്‍ പിടിച്ചത്‌
ശലഭങ്ങള്‍ക്ക് പിന്നാലെ ഓടിയത്
കുളത്തിലും തോട്ടിലും ചൂണ്ടയിട്ടത്
കുട്ടിക്കരണം മറിഞ്ഞു കുളിച്ചത്
മാവിന്‍ കൊമ്പില്‍ ഊഞ്ഞാല്‍ ആടിയത്
മണ്ണപ്പം ചുട്ടു കളിച്ചത്
ഒളിച്ചു കളിച്ചത്
കൊത്താം കല്ല്‌ കളിച്ചത്
വല്ലിപ്പടര്‍പ്പ് കൊണ്ട് ബസ്സുണ്ടാക്കി ഓടിയത്
.........................

എല്ലാം ഓര്‍മ്മകള്‍ ..
ഇപ്പോള്‍ എല്ലാവരും രാസവളത്തിന്റെ മക്കള്‍!!
കീടനാശിനിയുടെ ഇരകള്‍!!!
അടുത്ത തലമുറ???????????

ഓര്‍മ്മകള്‍ പുതുക്കാന്‍ എന്റെ വക ഒരു പോസ്റ്റ്‌

http://www.shaisma.co.cc/2010/02/blog-post_21.html

അരുണ്‍ കായംകുളം said...

ഇതേ പോലെ പലതും മാറി കൊണ്ടിരിക്കുകയാ മാഷേ :)

Jishad Cronic™ said...

ആശംസകള്‍..!

Akbar said...

:)

ഒഴാക്കന്‍. said...

എന്‍റെ ഉപ്പൂപ്പാക്കു പണ്ടൊരു കുഴിയാന ഉണ്ടായിരുന്നു :)

അലി said...

നമുക്ക്് ന്ഷ്ടമായിക്കൊണ്ടിരിക്കുന്ന
ഒരുപാട് കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു...
അഭിനന്ദനങ്ങള്‍!

Captain Haddock said...

ഈ പോസ്റ്റ്‌ എത്രയം വേഗം പ്രിന്റ്‌ എടുത്തു കത്തിച്ചു കളയണം....എന്നെ ഫുള്‍ കൊതിപിച്ചു...തോട്, മണ്ണില്‍ കളി...

:( sad...we are missing all these and new generation will never enjoy these !

ഹംസ said...

കുട്ടിക്കാലത്തെ ഓര്‍മകളെ കുറിച്ചു പറയാനുള്ളതെല്ലാം മുന്‍പെ വന്നവര്‍ പറഞ്ഞു കഴിഞ്ഞു.!! മണ്ണിന്‍റെ മണമുള്ള ആ കുട്ടിക്കാലം അനുഭവിക്കാനുള്ള ഭാഗ്യം ഇന്നത്തെ മക്കള്‍ക്കില്ലാതെ പോയി. !! നല്ല ഓര്‍മകളിലേക്ക് ഒരു മടക്ക യാത്ര ഈ പോസ്റ്റിന്‍റെ ആദ്യാവസാനം വരെയുണ്ടായി. .!!

നന്മകള്‍ നേരുന്നു.!

ഭായി said...

ശരിയാണ്! ഇതൊക്കെ ഇന്ന് ഓർമ്മകൾ മാത്രമായി അവശേഷിക്കുന്നു!
എന്റെ മക്കൾക്കും ഇതൊക്കെ നഷ്ടമായി :(

ഒരു തിരുത്ത്:
#പണ്ട് ഈന്തപ്പന ഓലകള്‍ കൊണ്ട് കുഞ്ഞു വീടുകള്‍ ഉണ്ടാക്കി#
ഈന്തപ്പനയോലക്ക് പകരം തെങോലയല്ലേ വേണ്ടത് ?

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

അങ്ങിനെ ഒന്നിനും കൊള്ളാത്ത ഒരാളായി എന്റെ മകന്‍ വളരേണ്ട

ഈ പോസ്റ്റിലേറ്റവും ഇഷ്ടപ്പെട്ട ഭാഗം.. അതൊരു സന്ദേശംകൂടിയാണു. ഒരു തിരിച്ചറിവ്..

നന്ദി ഫൈസൽ..

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഓർത്തിരിക്കാൻ അങ്ങിനെ ഒരു നല്ല ബാല്യമെങ്കിലുമുണ്ടായിരുന്നു നമുക്ക്. നമ്മുടെ മക്കൾക്ക് അതും ഇന്ന് നഷ്ടമാവുകയാണ്. മനുഷ്യരെല്ലാം കുഴിയാനകളായിരിക്കയല്ലേ !

നന്നായി ഈ പങ്കു വെക്കൽ

Geetha said...

sarikkum santhosham thonnni....mansukondoru madakkayathra ...kuttikalathekku....ippozhethe kuttikalkkum athokke annyamaayi poyallo enna vedanayum...

nannaayee..

Anonymous said...

കുട്ടിക്കാലത്തിലേക്ക് തിരിച്ചു കൊണ്ടു പോയി ..പണ്ടൊക്കെ എന്റെ വീടിനു ചുറ്റിലും ഉണ്ടാകുമായിരുന്നു .. ഇപ്പോ ഉണ്ടൊ എന്നറിയില്ല ..നമ്മുടെ മക്കൾക്ക് ഈർക്കിലെടുത്ത് മണ്ണ് ചിക്കി കുഴിയാന ഉണ്ടൊ എന്നു നോക്കാനും മണ്ണു കൊന്ട് പുട്ടുണ്ടാക്കാനും ഒക്കെ എവിടെ സമയം.. കാർട്ടൂണുകളല്ലെ അവരുടെ ലോകം.. വളരെ നനായി കളിക്കൂട്ടുകാരെയും അവരുടെ കൂടെ പുല്ലു അരിഞ്ഞെടുക്കാൻ വയലിൽ പോയതും നെല്ലിൽ നിന്നും പുല്ലു കട്ടിട്ട് ചീത്തകേട്ടതും വയലിൽ ഇരുന്നു സ്വറ പറഞ്ഞ് മാങ്ങയും പുളിയും ഉപ്പും കൂട്ടി തിന്നതും .. നേരം ഇരുട്ടുന്നു എന്നു തോനുമ്പോൾ കിട്ടിയ പുല്ലുമായി വീട്ടിലെത്തുമ്പോൾ ഉമ്മയുടെ വകകേൾക്കുന്ന ചീത്തയും ..എല്ലാം ഓർമ്മകളിൽ ഓടിയെത്തി ആകൂട്ടുകാരൊക്കെ ഇപ്പൊ എവിടെയൊക്കെയോ ഉണ്ടാകും... ആശംസകൽ..

junaith said...

വംശനാശ ഭീഷണിയിലായി കുഴിയാനയും..

പ്രദീപ്‌ said...

മാഷേ , നിങ്ങളുടെ ഒരു മെയില്‍ എനിക്ക് ഫോര്‍ വേര്‍ഡ്‌ ആയി കിട്ടി . അതില്‍ നിങ്ങള്‍ പറയുന്നുണ്ട് , ബ്ലോഗ്‌ വായിക്കു എന്ന് പറഞ്ഞു ബ്ലോഗ്ഗര്‍ മാര്‍ മെയില്‍ അയക്കരുത് എന്ന് . സത്യം . പരമമായ സത്യം . മനുഷ്യനെ ശെരിക്കും മിനക്കെടുത്തുന്നു ചിലര്‍. അല്ലെങ്കില്‍ സുഹൃത്തുക്കളോ മറ്റും ആണെങ്കില്‍ നമുക്ക് ക്ഷമിക്കാം . ഹോ ..

അതിലൂടെ യാണ് ഇവിടെ വന്നത് . മകനുമായുള്ള കുട്ടിക്കളികള്‍ പലതും ഓര്‍മപ്പെടുത്തി . ഞാനും മീനച്ചിലാറ്റില്‍ മുങ്ങി കുളിച്ചാണ് വളര്‍ന്നത്‌ . ഇന്ന് അതും മലിനമാണ്‌ .
അത് പോലെ നമ്മുടെ നാട്ടിലെ മനുഷ്യരുടെ മനസ്സും മലിനപ്പെടുന്നു .
കുഞ്ഞി കൈകള്‍ക്ക് വലിയവര്‍ തീര്‍ത്ത " മതിലുകള്‍ " തകര്‍ക്കാന്‍ കഴിയില്ല മാഷേ ....

കാക്കര - kaakkara said...

നെൽപാടം നഷ്ടപെടുന്നതിൽ എനിയ്‌ക്കും നിങ്ങൾക്കും ആവലാതിയുണ്ട്‌.

നമ്മളിൽ പലരും പുതിയതായി ഭുമി വാങ്ങി വിട് വെച്ചു, റബർ തോട്ടം വാങ്ങി, അല്ലെങ്ങിൽ മറ്റ്‌ കൃഷിയിടങ്ങൾ വാങ്ങിച്ചു, പക്ഷെ നമ്മളിൽ എത്ര പേർ നെൽപാടം വാങ്ങിച്ച്‌ നെൽ കൃഷി ചെയുന്നു?

Sukanya said...

നമ്മുടെയൊക്കെ കുട്ടിക്കാലം ഇപ്പോഴത്തെ കുട്ടികള്‍ക്ക് മനസ്സിലാവില്ല. അത്രയ്ക്ക് അന്തരമാണ്.
കുഴിയാന ഗൂഗിള്‍ സെര്‍ച്ച്‌ വഴി അവര്‍ കണ്ടുപിടിക്കുമായിരിക്കും.

നല്ല എഴുത്ത്.

Manoraj said...

പലതും ഓർമ്മയാകുന്നു

khader patteppadam said...

അതെ സുഹ്രുത്തേ..ആരാണു ഉത്തരവാദികള്‍.. ?

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

O.T:

നിങ്ങളും കുഴിയാനയാവുകയാണോ ? തിരിച്ച് വരവുകൾ എന്ന പോസ്റ്റിലെ ചില അഭിപ്രായങ്ങളിൽ സംശയിച്ച പോലെ ,നാട്ടിൽ പോയി വന്നപ്പോൾ !!

Pranavam Ravikumar a.k.a. Kochuravi said...

കൊള്ളാം വിവരണം ....

Pranavam Ravikumar a.k.a. Kochuravi said...

കൊള്ളാം വിവരണം ....

Pranavam Ravikumar a.k.a. Kochuravi said...

കൊള്ളാം വിവരണം ....

Naseef U Areacode said...

പുതിയ അനുഭവത്തിലൂടെ , ഉപദേശങ്ങളിലൂടെ പഴയ കാലത്തേക്ക് കൊണ്ടുപോയി..

ചാടി ക്കുളിക്കാന്‍ പറ്റുന്ന തോടുകളും പുഴകളും ഒക്കെ ഇനി വല്ല അമ്യൂസ്മെന്റ് പാര്‍ക്കിലും പോയിക്കാണേണ്ടിവരും..

നല്ല പോസ്റ്റ്

. ആശംസകള്‍

ജുവൈരിയ സലാം said...

ബാല്യത്തിലെ ഓർമകൾ തൊട്ടു തലോടി പോയ അനുഭവങ്ങൾ മകളുമായി പങ്കു വെക്കാൻ ഞാനും ഒരു യത്ര നടത്തി.പക്ഷേ നീരാശയായിരുന്നു ഫലം തേടും കുളവുംനീരരുവികളും വറ്റിവരണ്ടിരിക്കുന്നു. മലിനമയം മായിരിക്കുന്നു.വർധ്ദിച്ച ഹൃദയ ഭാരം നൽകിയ അനുഭവം....വളരെ നന്നായി അഭിനന്ദനങ്ങൾ

jayanEvoor said...

ചിന്തയുണർത്തുന്ന പോസ്റ്റ്...

വളരെ ഇഷ്ടപ്പെട്ടു!

Faizal Kondotty said...

പുതിയ പോസ്റ്റ്‌ വിർച്വൽ റിയാലിറ്റി

Nishana said...

Beautifully written and really nostalgic too- dragged me back to those ever greenish childhood days! I often think the same way, when I look at my little girl. Our kids will definitely miss the kinda of childhood we had- now even in our villages, ppl think that saying 'my 3-4 year old loves spending time on computer' is something really prestigious! But they do not understand that we are actually spoiling their life..!

A really interesting thing I noticed in cities - actually ppl are thinking of taking their children away from TV and computer and arranging a really creative environment to play, learn and explore!

Time to analyze and act seriously about our children's future!

Villagemaan said...

നല്ലൊരു പോസ്റ്റ്‌...ഹവായി ചെരുപ്പ് വെച്ച് വണ്ടി ഉണ്ടാക്കിയതും , കുഴിയാനയെ തേടി പോയതും ഒക്കെ ഓര്‍ത്തു..
ഓലക്കീര്‍ കൊണ്ടുള്ള പന്തോ, കാറ്റാടിയോ ഒക്കെ ഇന്നത്തെ കുട്ടികള്‍ കണ്ടിട്ടുണ്ടാവും എന്ന് തോന്നുനില്ല...എന്തിനു..ഒരു അപ്പുപ്പന്‍ താടി കണ്ടിട്ട് എത്ര നാളായി ? ആഞ്ഞിളിക്കാ വലയുടെ സ്വാദ് ഇന്നും നാവില്‍..

കുട്ടികള്‍ എന്തൊക്കെ ആണ് മിസ്സ്‌ ചെയ്യുന്നത്...

ആശംസകള്‍ ഫൈസല്‍..