Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Thursday, August 13, 2009

തിരിച്ചു വരേണ്ട ഇടതുപക്ഷം ?

കഴിഞ്ഞ ലോക സഭാ തിരെഞ്ഞെടുപ്പ് വേളയില്‍ എഴുതിയത് :

കേരളത്തിലെ ഇടതു പക്ഷ പ്രസ്ഥാനം ചെറിയ പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണല്ലോ .. ഇടതു പക്ഷത്തിനു നേതൃത്വം കൊടുക്കുന്ന സി പി എമ്മിന്റെ ചില നടപടികളില്‍ മനം മടുത്തു നില്‍ക്കുന്നവരും , പാര്‍ട്ടിയോട് വിഘടിച്ചു നില്‍ക്കുന്നവരും , പല കാരണങ്ങളാല്‍ പോഷക വിപ്ലവ സംഘടനകളില്‍ നിന്ന് അടര്‍ന്നു പോയവരും , എന്തിനു കടുത്ത അരാഷ്ട്രീയ വാദിയല്ലാത്ത ഏതൊരു ശരാശരി കേരളീയനും ഈ ഘട്ടത്തില്‍ എന്ത് നിലപാട് ആണ് എടുക്കേണ്ടത് എന്ന് ചിന്തിക്കുന്നത് ഇത്തരുണത്തില്‍ നന്നായിരിക്കും .

കേരളത്തിന്റെ ശരാശരി മനസ്സ് എന്താണ് ? മലയാളിയുടെ രക്തത്തില്‍ അന്തര്‍ലീനം അല്ലെ സോഷ്യലിസ്റ്റ്‌ ചിന്തകള്‍ ..? മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി കേരളത്തിലെ വലതു പക്ഷ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പോലും യഥാര്‍ത്ഥത്തില്‍ ഇടതു പക്ഷ മനസ്സാനുള്ളത്‌ എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ...

ഇടതു പക്ഷം തകരണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ കേരളത്തില്‍ ഉണ്ടാവുമോ ? ഇല്ലെന്നാണ് എനിക്ക് തോന്നുന്നത് ..ചില സാഹചര്യങ്ങളില്‍ ഇടതു നേതാക്കളുടെ ചില നടപടികള്‍ കാണുമ്പോള്‍ പ്രതിഷേധം അറിയിക്കുക എന്നതിലപ്പുറം ഇടതു പക്ഷം പാടെ കേരള മണ്ണില്‍ നിന്ന് വേരറ്റു പോകണം എന്ന് ചിന്തിക്കന്നവര്‍ വിരളം ആയിരിക്കും .. . ഇടതു പക്ഷത്തിന്റെ ക്രിയാത്മകമായ ഇടപെടലിന്റെ അഭാവം നമ്മുടെ സാമൂഹിക, മതേതര , സാംസ്കാരിക മണ്ഡലങ്ങളില്‍ സൃഷ്ടിച്ചേക്കാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ കേരളീയരെ പ്രത്യേകിച്ച് ബോധ്യപ്പെടുത്തേണ്ട ആവശ്യം ഇല്ല തന്നെ . .. ഈ ഒരു കാരണത്താല്‍ ആണ് യുവാക്കള്‍ അധികവും ഇടതു പക്ഷ കരങ്ങള്‍ക്ക് ശക്തി പകരാന്‍ പോഷക സംഘടനകളില്‍് അണി നിരക്കുന്നത് ..

ഈ ഒരു തിരിച്ചറിവാണ് തന്നെയാണ് മത വിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കാത്തവരായിട്ടും സി പി എമ്മിനോട് (ഇടതു പക്ഷത്തോട്) ന്യു‌നപക്ഷ , ഭൂരിപക്ഷ വ്യത്യാസമില്ലാതെ വിവിധ മത വിഭാഗങ്ങള്‍ ചേര്‍ന്ന് നില്‍ക്കുന്നത് . ..

വിവാദ വിഷയത്തിലേക്ക് വരുന്നതിനു മുന്‍പ് , മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കഥകള്‍ക്ക് പക്ഷെ സത്യവുമായി പുല ബന്ധം പോലും ഉണ്ടായെന്നു വരില്ല പലപ്പോഴും..ഒരു ചെറിയ ഉദാഹരണം നോക്കൂ

കോഴിക്കോട് ലോകസഭാ മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയായി മുഹമ്മദ്‌ റിയാസ്‌ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഫാരിസ്‌ അബൂബക്കറിന്റെ നോമിനി ആണ് അതിനാല്‍ ആണ് സീറ്റ്‌ ലഭിച്ചത് (പേയ് മെന്റ്റ് സീറ്റ്‌)എന്ന് വ്യാപകം ആയി പ്രചരിപ്പിക്കപ്പെട്ടിരുന്നു .. റിയാസിന് പാര്‍ട്ടിയില്‍ പ്രവര്‍ത്തന പരിചയം ഉണ്ടാവാന്‍ ഇടയില്ല എന്നും ഫാരിസ് ഇടപ്പെട്ട് പിണറായി കൊടുത്ത സീറ്റ്‌ ആണെന്നും (ഇങ്ങിനെ ചില ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കല്‍ ആണ് മാധ്യമങ്ങളുടെ ഒരു ജോലി) കുറെ ആളുകള്‍ എങ്കിലും തെറ്റിദ്ധരിച്ചിരിക്കും..പക്ഷെ . ഈ മാധ്യമ പ്രചാരണങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി കോളേജില്‍ എന്റെ സീനിയര്‍ ആയിരുന്ന റിയാസിന്റെ മുഖം എനിക്ക് ഓര്‍മ്മയുണ്ട് .. കോളേജില്‍ ഉള്ള സമയത്ത് റിയാസ്‌ ആയിരുന്നു SFI യുടെ ക്യാമ്പസിലെ അമരക്കാരന്‍ ..എത്രെയോ പ്രാവശ്യം റിയാസ്‌ ഉച്ചത്തില്‍ ചൊല്ലിത്തരുന്ന മുദ്രാവാക്യങ്ങള്‍ ഞാനടക്കം ഉള്ളവര്‍ ഏറ്റു വിളിച്ചിട്ടുണ്ട് .വലതു പക്ഷ സംഘടനകള്‍ ഐക്യത്തോടെ സ്ഥിരം ആയി ജയിച്ചു വരാറുള്ള ക്യാമ്പസില്‍ റിയാസിന്റെ നേതൃത്വത്തില്‍ SFI ശക്തമായ പ്രകടനം കാഴ്ച വച്ച് യു‌നിയന്‍ ഭരണത്തിന് ( ഒരു സീറ്റ് കുറവില്‍ )വളരെ അടുത്ത് എത്തിയിട്ടുണ്ട്. പ്രശ്നങ്ങള്‍ക്ക് നടുവില്‍ ചങ്കുറപ്പോടെ നില്‍ക്കുന്ന റിയാസിനെ ഞങ്ങള്‍ ആദരവോടെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു .

ഡിഗ്രി ക്ക് ശേഷം ലോ കോളേജില്‍ എല്‍ എല്‍ ബി ക്ക് പോയതിനു ശേഷവും വൈകുന്നേരങ്ങളില്‍ മരച്ചുവട്ടിലെ യോഗങ്ങളില്‍ ആവേശം പകര്‍ന്നു റിയാസ്‌ ഞങ്ങള്‍ക്ക് പ്രത്യയ ശാസ്ത്ര പരമായ സ്റ്റഡി ക്ലാസ്സ്‌ എടുക്കാന്‍ സ്ഥിരമായി എത്താറുണ്ടായിരുന്നു . പിന്നീട് കാലങ്ങള്‍ക്കു ശേഷം ഡി വൈ എഫ്‌ ഐ കോഴിക്കോട്‌ ജില്ല പ്രസിഡണ്ട്‌ ആയ റിയാസിനെ ഞാന്‍ ടി വി യില്‍ പല സമര മുഖത്ത് വച്ചും കണ്ടു . ഇടയ്ക്കു വല്ലപ്പോഴും ആകസ്മികം ആയി കോഴിക്കോട് വച്ച് കാണുമ്പോള്‍ ഞാന്‍ പാര്‍ട്ടി ലൈന്‍ ഒക്കെ വിട്ടിട്ടും എന്നോട് കൂടുതല്‍ പറയാറുണ്ടായിരുന്നത് പാര്‍ട്ടി കാര്യങ്ങള്‍ ആയിരുന്നു . സത്യത്തില്‍ യുവാക്കളെ കൂടുതല്‍ മത്സരിപ്പിക്കുക എന്ന സി പി എമ്മിന്റെ തീര്‍ത്തും പുരോഗാത്മകം ആയ ഒരു നിലപാടിന്റെ ഫലമായിരുന്നു റിയാസിന്റെ സ്ഥാനര്തിത്വം . കോഴിക്കോട് ജനിച്ചു വളര്‍ന്ന, പാര്‍ട്ടിയോട് അങ്ങേയറ്റം ആത്മാര്‍ഥതയുള്ള , പ്രവര്‍ത്തന പാരമ്പര്യം ഉള്ള , നല്ലൊരു candidate തന്നെയായിരുന്നു റിയാസ്‌. പക്ഷെ മാധ്യമങ്ങള്‍ അടക്കം പ്രചരിപ്പിച്ചതോ എങ്ങോ മണ്ണും ചാരി നിന്ന ഒരു നോമിനി .

ഇടയില്‍ ഒന്ന് കൂടെ പറയട്ടെ .ഈ പ്രാവശ്യത്തെ ലോക സഭ തിരഞ്ഞെടുപ്പില്‍ യു ഡി എഫ്‌ എത്ര യുവാക്കളെ മത്സരിപ്പിച്ചു ? എന്ത് കൊണ്ട് ? ഇപ്രാവശ്യം യുവാക്കള്‍ക്ക് പ്രാതിനിധ്യം കൂടുതല്‍ ഉണ്ടാകും എന്ന് വീമ്പിളക്കിയ രമേശ്‌ ചെന്നിത്തലക്ക് , എറണാംകുളത്ത് പറഞ്ഞു കേട്ട യുവസ്ഥാനാര്തിയെ പോലും മാറ്റേണ്ടി വന്നു .
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‌ ഭാരതത്തില്‍ സ്ഥിരതയുള്ള ഒരു ഭരണം കാഴ്ച വെക്കാന്‍ കഴിഞ്ഞേക്കാം .. പക്ഷെ വിപ്ലവാത്മകം ആയ ഒരു മാറ്റം സൃഷ്ടിക്കാനുള്ള ഉള്‍്കരുത്തുണ്ടോ ? ദേശീയ , അന്തര്‍ ദേശീയ വിഷയങ്ങളില്‍ ജന പക്ഷത്തു നിന്ന് നട്ടെല്ല് നിവര്‍ത്തി ഒരു തീരുമാനം എടുക്കാന്‍ കഴിയുമോ ? ദാസ്യം ആണ് കോണ്‍ഗ്രസ്സിന്റെ സ്ഥായിയായ ഭാവം ... നരസിംഹ റാവു മുതല്‍ മന്‍മോഹന്‍ സിംഗ് വരെ നമ്മെ ബോധ്യപ്പെടുത്തുന്നതും അതാണ്‌

അതിനാല്‍ തന്നെയാണ് ഇടതു പക്ഷം കേരളത്തില്‍ സജീവം ആയി നല നില്‍ക്കണം എന്നും പേര്‍ ദേശീയ രാഷ്ട്രീയത്തില്‍ ശക്തമായി ഇടപെടലുകള്‍ നടത്തണമെന്നും കുറെയധികം ആളുകള്‍ ആഗ്രഹിക്കുന്നത് ..ചോദിക്കട്ടെ , ആസിയാന്‍ കരാര്‍ അടക്കമുള്ള വിഷയങ്ങളില്‍ ജന പക്ഷത്തു നിന്ന് ചിന്തിയ്ക്കാന്‍ ഇടതു പക്ഷം അല്ലാതെ മറ്റാരാണ്‌ ഉള്ളത് ? അവ പിന്നീട് ചര്‍ച്ച ചെയ്യാം .
==================

ആവര്‍ത്തിച്ചു പറയട്ടെ , ഇടതു പക്ഷത്തെ ശക്തിപ്പെടുത്തേണ്ട ഒരു ചരിത്ര നിമിഷത്തില്‍ ആണ് നാം നിലകൊള്ളുന്നത് ..ചില ആളുകളോടുള്ള വിരോധം കാരണം നിരവധി ആളുകള്‍ പ്രാണന്‍ കൊടുത്തു
വളര്‍ത്തിയെടുത്ത ഈ പ്രസ്ത്ഥാനം നശിച്ചു പോകാന്‍ ആഗ്രഹിക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന മഹാ അപരാധം ആയിരിക്കും .. കേരളത്തിന്റെ ആത്മാവ് തന്നെയായിരിക്കും നമുക്ക് നഷ്ട്ടപ്പെടുക .

പണ്ട് കോളേജ് കാലഘട്ടത്തില്‍ കേട്ട ചില വരികള്‍ എന്ത് കൊണ്ടോ വീണ്ടും കാതുകളില്‍ മുഴങ്ങുന്നു

ഈ രണാങ്കണങ്ങ ളില്‍
ചോര വീണ മണ്ണിതില്‍
വീരഗാഥ പാടി വന്ന
ധീരരാം സഖാക്കളെ .....
നിങ്ങള്‍ തന്ന വാക്കുകള്‍
നിങ്ങള്‍ തന്‍ തുടിപ്പുകള്‍
ഇന്നിതായിരം കരങ്ങള്‍
ഒത്തു ചേര്‍ന്ന് ശക്തിയായി ........

Friday, June 26, 2009

ബ്ലോഗ്‌ സംസ്കാരം സമീപ ഭാവിയില്‍ ???!

തറവാടിയുടെ , 'മലയാളം ബ്ലോഗുകള്‍ ഇത്ര"ക്കഥ"പതിച്ചോ കഷ്ടം!' എന്ന കമന്റ്‌ കണ്ടപ്പോള്‍ ജനറലൈസേഷന് അല്പം കടന്നു പോയില്ലേ എന്ന് ചിന്തിച്ച ആളാണ്‌ ഞാന്‍ , എന്നാല്‍ വീണ്ടും ചില ബ്ലോഗുകള്‍" കാണാന്‍ "ഭാഗ്യം" ലഭിക്കുകയും , മറുമൊഴിയിലൂടെ ഒന്നാംതരം അധ: പതിച്ച കമന്റ്സ് തുടരെ കാണാന്‍ ഇട വരികയും ചെയ്തപ്പോള്‍ തറവാടി പറഞ്ഞതില്‍ കാര്യമില്ലേ എന്നൊരു ശങ്കവന്നിരുന്നു . അവസാനം കാപ്പിലാന്‍ ന്റെ ബ്ലോഗില്‍ ഞാന്‍ കൂടി പങ്കെടുത്ത സൗഹാര്‍ദ്ദ പരമായ ചര്ച്ചക്കിടക്ക് അതില്‍ പങ്കെടുത്ത എല്ലാവരുടെയും മേല്‍ ഏതോ അജ്ഞാതര്‍ തൊടുത്തു വിട്ട , ജീവിതത്തില്‍ ഞാന്‍ ഇത് വരെ കേള്‍ക്കാത്ത തെറികള്‍ (ബ്ലോഗ്‌ എന്താണ് എന്ന് പോലും അറിയാതെ വീട്ടിലിരിക്കുന്ന അച്ഛനമ്മമാരെ വരെ ഉള്‍ക്കൊള്ളിച്ചു ) മിസൈല്‍ കണക്കെ വന്നു പതിക്കുകയുംചെയ്തപ്പോള്‍ , ഞാന്‍ ഉറപ്പിച്ചു തറവാടി പറഞ്ഞതില്‍ പതിരില്ല എന്ന് .

സമീപ ഭാവിയില്‍ നമ്മുടെ കുട്ടികള്‍ ബ്ലോഗിലൂടെ നേടുന്ന സംസ്കാരം എന്തായിരിക്കും.. കാപ്പിലാന്റെ പോസ്റ്റില്‍ ഞാന്‍ സന്ദര്‍ഭത്തില്‍ ഇട്ട കമന്റ്‌ ഇവിടെ കൊടുക്കുന്നു
--------------------------------------------------------------------------
ബൂലോഗത്ത് എത്തിയിട്ട് കഷ്ടി രണ്ടു മാസം ആയെ ഉള്ളൂ ... എത്താന്‍ അത്രയും വൈകിയത് എന്തെ എന്ന് എന്നോട് തന്നെ ഞാന്‍ ചോദിച്ച ദിവസങ്ങള്‍ ആയിരുന്നു ആദ്യത്തില്‍ .. പക്ഷെ ഇപ്പൊ തോന്നുന്നു എത്രയും വൈകിയോ അത്രയും നന്നായി എന്ന് ..

പലരും വിഷയം ഏതാണെങ്കിലും ബ്ലോഗ്ഗറോടുള്ള മുന്‍ വൈരാഗ്യം തീര്‍ക്കാനാണ് ആദ്യംശ്രമിക്കുന്നത് .

മരിച്ചവരെ മാത്രം തെറി പറയാറില്ല എന്ന് ആരോ പറഞ്ഞു , അത്രയും നല്ലത് (അല്ലാതെന്തു പറയാന്‍ ) ... ! എന്റെ പിതാവ് എനിക്ക് പുസ്തകങ്ങള്‍ വായിക്കാന്‍ അവസരം തന്നു .. എന്റെ മകന് വായിക്കുക ഇന്റര്‍നെറ്റ്‌ ഉം ബ്ലോഗുംആയിരിക്കാം ..( കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് തടയാന്‍ നമുക്ക്‌ പറ്റില്ലല്ലോ , ഓട്ടോ ഗ്രാഫ് ബ്ലോഗില്‍ എഴുതുന്ന കാലമാണല്ലോ ഇത് )

അങ്ങിനെ മലയാള ബ്ലോഗുകളും , "സംവാദങ്ങളും" വായിച്ചു അവന്‍ "വളരും" .. ഞാന്‍ ബാല്യകാലത്ത്‌ ഒരു കുടയും കുഞ്ഞു പെങ്ങളും ആണ് വായിച്ചിരുന്നതെങ്കില്‍ അവന്‍ വായിക്കുക "ഒരു പെണ്ണുംഒരാണും " മോ അല്ലെങ്കില്‍ "രണ്ടു പെണ്ണുങ്ങളോ " ആയിരിക്കും ...
അവന്റെ അഭിസംബോധന ശൈലി "+++ " ഓ" -----" ആയിരിക്കും "എന്റെ കോപ്പിലെ അപ്പാ .. എന്നായിരിക്കും എനിക്ക് ഇമെയില്‍ എഴുതാന്‍ ഇരിക്കുമ്പോള്‍ അവന്റെ നാവിന്‍ തുമ്പത്ത് വരിക .."

മലയാള അക്ഷരങ്ങള്‍ എന്റെ മനസ്സില്‍ പതിഞ്ഞത് DC ബുക്സിന്റെയും മറ്റും എഡിറ്റു ചെയ്തു പ്രൂഫ്‌ റീഡ്കഴിഞ്ഞ പ്രസിദ്ധീകരണങ്ങളില്‍ നിന്നാണ് .. എന്റെ മകന്റെ മനസ്സില്‍ പതിയുന്നത് ബ്ലോഗിലെ എഡിറ്റ്‌ ചെയ്യപ്പെടാത്ത, പ്രൂഫ്‌ റീഡ് പോയിട്ട് രണ്ടാമതൊന്നു വായിച്ചു നോക്കാത്ത കമന്റ്സും മറുകമന്റ്സും പോസ്റ്റും ആയിരിക്കും .,ച്ഛ , . . etc..തുടങ്ങിയ അക്ഷരങ്ങള്‍ ഒന്നും അവനു കണ്ടിട്ട് പോലും ഉണ്ടാവില്ല ..( ഇവ ടൈപ്പ് ചെയ്യാന്‍ പ്രയാസമാണ് എന്നതിനാല്‍ മിക്കവരും ഇതൊന്നുംഉപയോഗിക്കാറില്ല ബ്ലോഗില്‍ , ചില ജീവികള്‍ കുഞ്ഞുങ്ങളെ പെറ്റിട്ട് പിന്നീട് വഴിക്ക് വരാത്തത്പോലെ ബ്ലോഗില്‍ പോസ്റ്റും കമന്റും ഇട്ടു പോകുന്നവരാണ് കുറെ പേര്‍ ) .

ഞാന്‍ ഹൈ സ്കൂള്‍ ക്ലാസില്‍ പഠിക്കുമ്പോള്‍ ഇഷ്ടം തോന്നിയ ഒരു കുട്ടിക്ക് പലപ്പോഴും കവിതാശകലങ്ങള്‍ കൂട്ടി ചേര്‍ത്ത് കത്തുകള്‍ എഴുതി അത് കൊടുക്കാന്‍ ധൈര്യം വരാതെ സ്കൂളില്‍ നിന്ന്പോരുന്ന വഴിയിലെ ഒരു പൊന്തക്കാട്ടില്‍ ഓരോ പ്രാവശ്യവും വലിച്ചെറിയുമായിരുന്നു .. ആകെവല്ലപ്പോഴും കണ്ണുകള്‍ തമ്മില്‍ ഇടയുന്നത് തന്നെ വല്യ അനുഭവം ആയിരുന്നു .

അടുത്ത് ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന അയല്‍ പക്കത്തെ കുട്ടി ഒരു ദിവസം ഉറക്കെ പറയുന്നത്കേട്ടു കൂടെ ബസ്സില്‍ വരുന്ന പെണ് കുട്ടി അവന്റെ ഗേള്‍ ഫ്രണ്ട് ആണെന്ന് .
എന്റെ മോന്‍ ഹൈ സ്കൂള്‍ ക്ലാസ്സില്‍ എത്തുമ്പോഴേക്കും അവന്റെ face ബുക്ക്‌ ലും orkut ലും messenger കളിലും ദശക്കണക്കിന് ഗേള്‍ ഫ്രണ്ട് ഉണ്ടാവും , dating നെ ക്കുറിച്ച് കൂലംകഷമായി ചര്‍ച്ച ചെയ്യലാകുംഅന്ന് കൌമാര ബ്ലോഗുകളില്‍ .

സ്കൂളില്‍ പഠിക്കുമ്പോള്‍ എന്റെ സുഹൃത്തുക്കള്‍ സ്വമതസ്ഥരോ അന്യ മതസ്ഥരോ എന്നോ മറ്റോ ഉള്ളവ്യതാസത്തെ ക്കുറിച്ച് ഞാന്‍ ബോധവാന്‍ ആയിരുന്നില്ല . ഡിഗ്രിക്ക് ഹോസ്റ്റല്‍ റൂം പങ്കിട്ടതു എടുത്തത്‌ഞാനും ശിവദാസനും ഒരു മുറിയില്‍ . മുഹമ്മദ്‌ ബെന്‍സീരും സുനില്‍ കുമാറും മറ്റൊരു റൂമില്‍ സഹമുറിയന്മാര്‍ . നാളെ എന്റെ മകന്റെ കാലത്ത് അത് പക്ഷെ ഫൈസലും മുഹമ്മദ്‌ ബെന്‍സീരും ഒരുമുറിയില്‍ ശിവദാസനും സുനില്‍ കുമാറും സഹമുറിയന്മാര്‍ എന്നായി മാറാം .. എന്റെ മകന് എന്നോടുംശിവദാസന്റെ മകന് ശിവദാസനോടും ഇങ്ങിനെ ചോദിച്ചേക്കാം "Dad, ... were you mad to share your room with some one who is belonging to other religion? unimaginable ! how you survived such a unbearable situation !.." ഒരു പക്ഷെ ബൂലോഗത്ത്‌ എത്തിയാല്‍ പിന്നെ മതം നോക്കി മാത്രമേ അവനു ആളുകളോട്പുഞ്ചിരിക്കാന്‍ പോലും കഴിയൂ .. .("മതം
" നോക്കിയെ പോസ്റ്റുകളില്‍ കമന്റ്‌ ഇടാറുള്ളൂ എന്ന് രണ്ടു ദിവസംമുമ്പ് ഒരാള്‍ ) .

പിന്നെ കുറെ കഴിയുമ്പോള്‍
(എന്റെ പിതാവ് എന്നെ വിട്ടു പിരിഞ്ഞ )അതേ സാഹചര്യം അവനുവന്നെത്തിയാല്‍ അവന്‍ എന്നെ ഓര്‍ക്കുമോ ? ഓര്‍ക്കുമായിരിക്കും .. എന്നിട്ട് ബ്ലോഗ്‌ സുഹൃത്തുക്കളോട്ഇങ്ങിനെ പറയും . അപ്പന്‍ തട്ടിപ്പോയത്‌ നന്നായി ബ്ലോഗിലും മറ്റും നിര്‍ത്താതെ അട്ടഹാസം മുഴക്കി മറു കമന്റ്സ്ഇടാന്‍ തന്നെ സമയം തികയാതെ വരുമ്പോള്‍ ആ ++++ ഒരു ബാധ്യത ആയേനെ .

ഇത് കൊണ്ടാണ് എനിക്ക് തോന്നുന്നത് എത്രയും വൈകി മാത്രം മക്കളെ ബ്ലോഗ്‌ ലോകത്ത്‌ കടന്നുവരാന്‍ അനുവദിക്കുക ...

ബ്ലോഗില്‍ വരാത്ത കാലത്ത് അവനില്‍ വല്ല നന്മയും ഉണ്ടായി വന്നിട്ടുണ്ടെങ്കില്‍ അത് നിലനില്‍ക്കും .. ബൂലോഗത്ത്‌ കാലു കുത്തിയാ പിന്നെ അവന്‍ പഠിക്കുന്നത് പൂര തെറിയായിരിക്കും .. വ്യക്തിഹത്യയും മത വിദ്വേഷവും ആയിരിക്കും .. മറ്റുള്ളവന്റെ അച്ഛന് വിളിച്ചു ശീലിക്കുന്നവന്‍ സ്വന്തംപിതാവിനെ അഭിസംബോധന ചെയ്യാന്‍ വായില്‍ ആദ്യം വരുന്നത് ഉപയോഗിക്കുക അല്ലാതെ വേറെപേര് തിരയാന്‍ മെനക്കെടുമോ ?