Friday, August 21, 2009

ആല്‍ത്തറയില്‍ തളിച്ച പനിനീര്

(ആല്‍ത്തറ ഗ്രൂപ്പ്‌ ബ്ലോഗില്‍ ഞാന്‍ തളിച്ച പനിനീര്‍ അല്പം എഡിറ്റ്‌ ചെയ്തു ഇവിടെ സ്പ്രേ ചെയ്യുന്നു . എതാലായും ഓണത്തിന് ഇങ്ങിനെ ഒരു പനിനീര്‍ തളിക്കാന്‍ ആല്‍ത്തറയില്‍ ഇടം തന്നതിന് അച്ചാമ ചേച്ചിയുടെ നല്ല മനസ്സിന് നന്ദി .. കൂടാതെ ഇവിടെ തളി ആനെ പനി നീര്‍ എന്ന് പറഞ്ഞു അച്ചാമ ചേച്ചി ഒരിക്കലും നിര്‍ബന്ധിച്ചിട്ടെല്ലെന്നും അഞ്ഞൂറാന്‍ മുതലാളിയെ ഇതിനാല്‍ ബോധ്യപ്പെടുത്തുന്നു ).


കഥ : പൊടിക്കാറ്റ്

ഒരു മിനിക്കഥ എഴുതണം എന്ന് കരുതി ഇരിപ്പ് തുടങ്ങിയിട്ട് കുറെ നേരം ആയി ...ഷമീര്‍ ഓര്‍ത്തു , പ്രവാസി മാഗസിനിലെ ഓണപ്പതിപ്പില്‍ എന്തെങ്കിലും എഴുതി കൊടുത്തെ പറ്റൂ ..കുമാരേട്ടന്‍ അത്രയും നിര്‍ബന്ധിച്ചിട്ടുണ്ട് ... മുന്‍പ് കുറച്ചൊക്കെ കുത്തിക്കുറിച്ചിരുന്നു എന്ന് അറിയാതെ പറഞ്ഞു പെടുകയും ചെയ്തു

അല്ല , തനിക്കിതെന്തു പറ്റി ..?ഒരു വരി പോലും എഴുതാനാവുന്നില്ല . മുന്‍പ് നാട്ടിലായിരുന്നപ്പോള്‍ ഒരു മഴ വന്നാല്‍ മനസ്സ്‌ തരളിതം ആകുമായിരുന്നു , പുഴ കണ്ടാല്‍ കവിത മൂളും , പച്ചപ്പ്‌ നിറഞ്ഞ നെല്‍പ്പാടങ്ങള്‍ കണ്ടാല്‍ ഒരു നോവല്‍ വരെ ഒറ്റയിരിപ്പിനു എഴുതാമെന്ന് തോന്നിയിരുന്നു ...ഇപ്പൊ എന്തോ മനസ്സ് മരു ഭൂമി പോലെ ശൂന്യം ...പ്രവാസം യൗവനം തിന്നു തീര്‍ക്കുമെന്ന് എവിടെയോ വായിച്ചിട്ടുണ്ട് , മനസ്സിനെയും മരിപ്പിക്കുമോ ദൈവമേ ? ഉത്തരാധുനിക മോര്‍ച്ചറി കവിതകള്‍ പോലെ ആയോ തന്റെ ഈ ജീവിതവും ..?

അല്ലെങ്കില്‍ വേണ്ട.... ഓണാനുഭവങ്ങള്‍ തന്നെ എഴുതിയാലോ ..?
എന്ത് രസം ആയിരുന്നു ചെറുപ്പത്തില്‍ . ഓണത്തിന് ആണെങ്കില്‍ പത്തു ദിവസം സ്കൂള്‍ അവധിയും കിട്ടും..പോരെ പൂരം , അയല്‍പക്കത്തെ കൂട്ടുകാര്‍ക്കൊപ്പം പൂ പറിക്കാന്‍ പോകുമ്പൊള്‍ ഉമ്മ കാണാതെ അരയില്‍ തോര്‍ത്ത്‌ ചുറ്റും എന്നിട്ട് അമ്പലക്കുളത്തില്‍ മതിയാവോളം ചാടി തിമിര്‍ക്കും ..

താറാവ് ആകൃതിയില്‍ ഉള്ള ഒരു കുഞ്ഞു പൂവ് ഉണ്ടായിരുന്നല്ലോ ..എന്താ അതിന്റെ പേര്‍ ? അല്ലെങ്കില്‍ തന്നെ പേര്‍ ഓര്‍ത്തിട്ടെന്താ..?ആര്‍ക്കു പറഞ്ഞു കൊടുക്കാനാ .. ഇപ്പോഴത്തെ കുട്ടികള്‍ അങ്ങാടിയില്‍ പോയി തമിഴ്‌ നാട്ടില്‍ നിന്ന് വരുന്ന പൂവുകള്‍ കാശ് കൊടുത്തു വാങ്ങിയാണത്രെ പൂക്കളം ഇടുന്നത് ..

ഓരോ ഓണക്കാലം പുതിയ അനുഭവങ്ങള്‍ തന്നു . പുസ്തകങ്ങള്‍ വായിക്കുന്നതും ഓണക്കാലത്താണ് , പരീക്ഷ കഴിഞ്ഞു ആധി ഒഴിഞ്ഞ മനസ്സിലേക്ക് എം ടി യും മുകുന്ദനും മറ്റും കയറി വന്നു .

വീടിനു കുറച്ചപ്പുറത്തെ രമേശ്‌ രാജാ മാഷിന്റെ തറവാട്ടിലെ ഓണസദ്യയാണ് തന്നെ ഒരു സദ്യ പ്രേമിയാക്കിയത് . സാറ് രാജ വംശത്തില്‍ ജനിച്ചതാണത്രേ ..ഒരു വലിയ പറമ്പില്‍ ഒത്ത നടുക്ക് ഒരു പഴയ തറവാട് ആണ് അവരുടെ വീട് , ഉപ്പയുമായുള്ള മാഷിന്റെ സുഹൃത്ത് ബന്ധം കാരണം കണക്കിലെ സംശയം ചോദിക്കാന്‍ ഇടയ്ക്കു ചെല്ലുമായിരുന്നു .. അങ്ങിനെ മാഷുടെ വീട്ടുകാരുമായി നല്ല കൂട്ടായി ... പിന്നെ കോളേജ് പഠിത്തം കഴിഞ്ഞിട്ടും ഇടയ്ക്കിടെ അവിടെ ചെല്ലണം എന്നായി .ഓണത്തിന് എങ്ങാനും സദ്യയുടെ നേരത്ത് ചെന്നില്ലെങ്കില്‍ പിന്നെ പിണങ്ങും ,പുറത്തു നിന്ന് അധികം ആരും അവിടെ വരാറില്ല

സദ്യ കഴിഞ്ഞു മാഷിന്റെ അച്ഛന്‍ ചാര് കസേരയില്‍ ഇരുന്നു പുരാണ കഥകള്‍ ഒക്കെ വിസ്തരിച്ചു പറയുന്നത് കേള്‍ക്കാന്‍ നല്ല രസമാണ് . മാഷിന്റെ അച്ഛന്‍ പറഞ്ഞു തരുമ്പോള്‍ താന്‍ സാകൂതം കേട്ടിരിക്കും . .വേട്ടക്കൊരു മകന്‍ ആണത്രേ ചുമരിലെ ചിത്രത്തില്‍ ഉള്ളത് .ശിവനും പാര്‍വതിക്കും ഉണ്ടായ നായാട്ടു കമ്പക്കാരനായ വേട്ടക്കൊരു മകന്‍ എന്നാ പുത്രനെ കൊണ്ട് പൊറുതി മുട്ടിലായ മുനിമാരും മറ്റും വിഷ്ണു വിന്റെ അടുത്ത് വന്നു പരാതി പറഞ്ഞപ്പോള്‍ , വിഷ്ണു കാട്ടാള വേഷത്തില്‍ കയ്യില്‍ ഒരു പൊന്‍ ചുരികയുമായി ചെന്നത്രേ ..അവസാനം വിഷ്ണുവാണെന്നു അറിഞ്ഞു മാപ്പ് പറഞ്ഞ വേട്ടക്കൊരു മകന്‍ വിഷ്ണുവിന്റെ കയ്യിലെ പൊൻ‌ചുരിക ആവശ്യപ്പെടുകയും , ചുരിക ഒരിക്കലും താഴെ വക്കില്ലെന്നു സത്യം ചെയ്യിച്ചു വിഷ്ണു അത് വേട്ടക്കൊരു മകന് കൊടുത്തു ,
അങ്ങിനെ പിന്നീട് പല സ്ഥലത്തും പരദേവതാ മൂര്‍ത്തിയായി വസിക്കേണ്ടി വന്നതിനിടയില്‍ മാഷുടെ അച്ഛന്റെ തറവാട്ടിലും വന്നുവത്രേ ..

മാഷിന്റെ അച്ഛന്‍ പറഞ്ഞ കഥകള്‍ കേട്ടാണ്‌ പുരാണത്തില്‍ കമ്പം കയറിയത് ..പക്ഷെ ഈ പ്രവാസ ജീവിതത്തില്‍ അവയെല്ലാം ഓരോന്നോരോന്നായി ഓര്‍മ്മകളുടെ മച്ചില്‍ നിന്നും ഇറങ്ങി പോകുന്നു . അല്ലെങ്കില്‍ തന്നെ ഇപ്പൊ ഇതൊക്കെ ആര് പറയാന്‍ ആര് കേള്‍ക്കാന്‍ ?ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഓണം എന്നാല്‍ പുതിയ സിനിമകളുടെ റിലീസിംഗ് എന്നാണര്‍ഥം .. എന്തിനു മാവേലി എന്ന് കേട്ടാല്‍ അവര്‍ക്ക് ഓര്മ വരിക ഓണത്തിന് ഇറങ്ങുന്ന മിമിക്രി സിഡിയിലെ നിലവാരം കുറഞ്ഞ തമാശ പറയുന്ന മാവേലിയെ ആണത്രേ , കലിയുഗം എന്നൊക്കെ പറയുന്നത് ഇതിനെയാണാവോ ?

ഓണ സദ്യ ഒക്കെ കഴിച്ചു മാഷിന്റെ അമ്മ ഉണ്ടാക്കിയ പായസം ഞൊട്ടി നനച്ചു ഇരിക്കെ ആലസ്യം മാറ്റാന്‍ ഒരിക്കല്‍ ഞാന്‍ മാഷിന്റെ അച്ഛനോട് ചോദിച്ചു

അല്ല അച്ഛാ .. എന്തിനാ ഈ കുറി നെറ്റിയിലും കയ്യിന്റെ ഇരു വശങ്ങളിലും വാരി തേച്ചത് ?

അച്ഛന്‍ ചിരിച്ചു എന്നിട്ട് പറഞ്ഞു
ഇതോ ഇത് വെണ്ണീര്‍ ആണ് , അതായത് നിസ്സാരനായ മനുഷ്യന് ചിതയില്‍ ദഹിച്ചു വെറും വെണ്ണീര്‍ ആകാനുള്ളതാണ് എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടി ...അല്ലാതെ മറ്റൊന്നുമല്ല ,

മാഷിന്റെ അച്ഛന്‍ ഒരു അനുഭവം കൂടി പറഞ്ഞു ഒരിക്കല്‍ എന്തോ ആവശ്യത്തിനു അങ്ങാടിയില്‍ പോയപ്പോ വഴിയില്‍ നിന്ന് ഒരു മുസ്ലിം ആയ ആള്‍ ചോദിച്ചത്രേ ..അല്ല നിങ്ങള്‍ ആര്‍ എസ് എസ് കാരാണോ എന്ന് ..? മേല്‍ മുഴുവന്‍ കുറി വരച്ചത് കണ്ടപ്പോള്‍ അയാള്‍ക്ക്‌ അങ്ങിനെ തോന്നിയതാവാം ...ഞാനും ചിരിച്ചു കാരണം എനിക്കറിയാമല്ലോ ആ മനസ്സിലെ പരിശുദ്ധിയും വിശാലതയും .

ആ ഓണം എനിക്ക് തന്ന ഒരു ചിന്ത ഇതായിരുന്നു ..തിരിച്ചും അതെ , പുറമേ കണ്ടാണ്‌ നാം ഓരോരുത്തരെ വിലയിരുത്തുന്നത് ..തൊപ്പിയിട്ട , താടി വച്ച , പള്ളിയില്‍ കൃത്യമായി പോകുന്ന ഒരുത്തനെ തീവ്രവാദിയായി കാണാനാണ് പലര്‍ക്കും ആഗ്രഹം ..
തമ്മില്‍ കൂടിക്കലരാനോ, ആശയങ്ങള്‍ പങ്കു വെക്കാനോ ഉള്ള സാഹചര്യങ്ങള്‍ അനുദിനം കുറഞ്ഞു വരുന്ന സമകാലീന വ്യവസ്ഥിതിയില്‍ വിശേഷിച്ചും ..

ഓണം , തമ്മില്‍ പരസ്പരം അടുത്തറിയാനുള്ള ഒരു വേദി കൂടിയാകുന്നു എന്നത് ശ്രദ്ധേയമാണ് ,

ഓരോന്നാലോചിച്ച് ഇരുന്നു സമയം പോയതറിഞ്ഞില്ല , ഓണപ്പതിപ്പിലേക്ക്‌ ഒരു വരിപോലും എഴുതിയില്ല ഇതു വരെ ...നാടിനെക്കുറിച്ച് ഓര്‍ത്തപ്പോള്‍ മനസ്സിനു എന്തോ ഒരു വല്ലായ്ക ..അല്പം കാറ്റ് കൊള്ളാം
ഷമീര്‍ ഫ്ലാറ്റിന്റെ പിന്‍ വശത്തെ ഡോര്‍ തുറന്നു ഓപ്പണ്‍ ടെറസിലെക്കു ഇറങ്ങി ..

ഒരു മഴ പെയ്തെങ്കില്‍ . അവന്‍ അതിയായി ആഗ്രഹിച്ചു ..മരുഭൂമിയുടെ ചൂടിലേക്ക് മഴ പെയ്തിറങ്ങില്ലെന്നു അറിയാമായിരുന്നിട്ടും അവന്‍ വെറുതെ മഴ കാത്തു കണ്ണടച്ച് നിന്നു..

എവിടെ നിന്നോ വീശി വന്ന പൊടിക്കാറ്റ് നിമിഷ നേരം കൊണ്ട് അവനെ വലയം ചെയ്തു ...

7 comments:

കറുത്തേടം said...

ആല്‍ത്തറ ഗ്രൂപ്പ്‌ ബ്ലോഗില്‍ ഫൈസലിന്റെ പൊടിക്കാറ്റ് നു ഞാന്‍ തളിച്ച പനിനീര്‍ അല്പം എഡിറ്റ്‌ ചെയ്യാതെ ഇവിടെ സ്പ്രേ ചെയ്യുന്നു .


കറുത്തേടം said...

മാഷിന്റെ അച്ഛന്‍ ഒരു അനുഭവം കൂടി പറഞ്ഞു ഒരിക്കല്‍ എന്തോ ആവശ്യത്തിനു അങ്ങാടിയില്‍ പോയപ്പോ വഴിയില്‍ നിന്ന് ഒരു മുസ്ലിം ആയ ആള്‍ ചോദിച്ചത്രേ ..അല്ല നിങ്ങള്‍ ആര്‍ എസ് എസ് കാരാണോ എന്ന് ..?

മാഷിന്റെ അച്ഛനെ മാത്രമല്ല കുറി തൊടുന്ന എല്ലാവരെയും വര്‍ഗ്ഗീയവാദി ആകാനാണ് നമ്മുടെ കപട മതേതര രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നത്. എന്നാലല്ലേ വിഭജിച്ചു ഭരിക്കുക എന്ന തന്ത്രം നടപ്പാക്കാനാകൂ..
തൊപ്പിയിട്ട , താടി വച്ച , പള്ളിയില്‍ കൃത്യമായി പോകുന്ന ഒരുത്തനെ തീവ്രവാദിയായി എങ്ങനെ കാണാനാകും.

ഈശ്വര ഭക്തി ഏതു രീതിയില്‍ ആണെങ്കിലും നല്ലതാണ്.

വേട്ടക്കൊരു മകന്‍ കഥയും ഭസ്മം തൊടുന്നതിലെ യുക്തിയും പറഞ്ഞതിന് പ്രത്യോകം നന്ദി.

തികച്ചും ശ്രദ്ധേയമായ ഒരു ഓണസമ്മാനം.

August 20, 2009 7:23 PM

കാപ്പിലാന്‍ said...

ആല്‍ത്തറയില്‍ പനിനീര്‍ തളിക്കാന്‍ അച്ചാമ്മയാണോ ഫൈസലിനെ ആല്‍ത്തറയില്‍ കയറ്റിയത് ? അതോ അഞ്ഞൂറാനോ . ആല്‍ത്തറയില്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ തളിക്കുകയല്ലാതെ അച്ചാമ്മയോടു ചോദിച്ചിട്ടാണോ തളിക്കുന്നത് പനിനീര്‍ ? ഇവനേത്‌ നാട്ടുകാരന്‍ :)
കഥ വായിച്ചിരുന്നു . നന്നായി പൊടിക്കാറ്റ് അടിക്കുന്നുണ്ടല്ലേ.

ഹരീഷ് തൊടുപുഴ said...

ആശയപരമായി സമന്വയം ഉണ്ടാകുകയും, അന്യന്റെ വാക്കുകളെ അംഗീകരിക്കുവാനുള്ള മനസ്സുണ്ടാകുകയും ചെയ്താൽ ഒരു പരിധിവരെ തീവ്രവാദപ്രശ്നങ്ങളൂണ്ടാകില്ലാ; എന്നാണു ഞാൻ വിചാരിക്കുന്നത്..

നല്ലൊരു കുറിപ്പുകൾ..
ആശംസകളും ഒപ്പം അഭിനന്ദനങ്ങളൂം..

അരുണ്‍ കരിമുട്ടം said...

ആല്‍ത്തറ ഗ്രൂപ്പ്‌ ബ്ലോഗില്‍ ഞാന്‍ തളിച്ച പനിനീര്‍ അല്പം എഡിറ്റ്‌ ചെയ്തു ഇവിടെ സ്പ്രേ ചെയ്യുന്നു . എതാലായും ഓണത്തിന് ഇങ്ങിനെ ഒരു പനിനീര്‍ തളിക്കാന്‍ ആല്‍ത്തറയില്‍ ഇടം തന്നതിന് അച്ചാമ ചേച്ചിയുടെ നല്ല മനസ്സിന് നന്ദി .. കൂടാതെ ഇവിടെ തളി ആനെ പനി നീര്‍ എന്ന് പറഞ്ഞു അച്ചാമ ചേച്ചി ഒരിക്കലും നിര്‍ബന്ധിച്ചിട്ടെല്ലെന്നും അഞ്ഞൂറാന്‍ മുതലാളിയെ ഇതിനാല്‍ ബോധ്യപ്പെടുത്തുന്നു

ഹ..ഹ..ഹ
കഥ നേരത്തെ വായിച്ചിരുന്നു:)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഫൈസൽ,

അഭിപ്രായം അവിടെ പറഞ്ഞിരുന്നു..
ആശംസകൾ!

Anil cheleri kumaran said...

...അഞ്ഞൂറാന്‍ മുതലാളിയെ ഇതിനാല്‍ ബോധ്യപ്പെടുത്തുന്നു........

നല്ല പോസ്റ്റ്..

Faizal Kondotty said...

പുതിയ പോസ്റ്റ്‌
ബൂലോഗ സുഹൃത്തുക്കളെ , നന്മ നിറഞ്ഞവരെ ...